Thursday, March 31, 2011

ഗൃഹാതുരത്വം

നീയെന്നെ പിരിഞ്ഞുള്ള
പൂവാക പൂത്തനേരം
പൂക്കൊടി കൊണ്ടുരച്ചോ-
രോര്‍മ്മകള്‍ക്കെന്തു ഭംഗി

ഊരിയെറിഞ്ഞ കുട്ടി-
ക്കാലത്തില്‍ വിയര്‍ത്തൊട്ടി
പട്ടുനൂല്‍ കോര്‍ക്കും ദിവ്യ-
മാമ്പഴം പെറുക്കൊലാം

ഇടയനാം ബാലനായ്
കാലികളെ തെളിച്ചു
നേര്‍വഴി കാട്ടും കുസൃ-
തിത്തരങ്ങള്‍ക്കും മീതെ

മുങ്ങിക്കുളിച്ച പുഴ-
പ്പെണ്ണിന്റെ മാറില്‍ താലി-
ചാര്‍ത്തിയ വേനല്‍ക്കാല-
വേഴാമ്പല്‍ കരയവേ

തിരികെ, നോക്കവയ്യ
ഭീകര സത്വം പിന്നില്‍
നുരയും പതതേച്ചു
നില്‍ക്കുമാ മനമുത്തി.
മണ്ണടിഞ്ഞെന്നാലിന്നും
പലരും ഭയന്നോടി
പനിതന്‍ കിടക്കമേലി-
രുത്തി മനമുത്തി

ഞാറ്റോല കാറ്റലക്കു
പെയ്ത കടുംഞാവലില്‍
സ്വാദിനെ തേടി തിറ-
യാടുന്ന മേട്ടിലെത്തി

തിരപോല്‍ കുത്തിപ്പായും
പെരുമഴകാലത്ത്,
ചേമ്പിലക്കീറില്‍ കട-
ലാസ്സുവള്ളത്തിന്‍ മീതെ

ഏകാന്ത മൂകം ദിന-
തംബുരു മീറ്റും സന്ധ്യാ-
വാടിയിലെഴുതി വി-
ദ്യാലയ മുറ്റം മുന്നില്‍

പടികള്‍ പിന്നിട്ടു ക-
ടലാസ്സു മരച്ചോട്ടില്‍
നൊമ്പരം തീര്‍ത്ത കല്ലില്‍
ആസനസ്തനായ് ചെമ്മേ

ഓര്‍മ്മകള്‍ നീളെ, നീല-
വാനിലും സരിതിലും
ഗ്രാമമേ നിന്നെക്കുറി-
ച്ചോര്‍ക്കാതെന്‍ ജന്മമില്ല.

അവസാനത്തെയാള്‍...

(ചിലിയിലെ ഖനിയപകടം)


പിടിവിടുവിപ്പിച്ച്‌ കയറിയ
മുപ്പത്തിരണ്ടാമത്തെയാളും വെളിച്ചം കണ്ടപ്പോള്‍
മനസ്സില്‍ നിറഞ്ഞ കൂരിരുട്ടുകൂട്ടിയ മിടിപ്പില്‍
ജീവന്‍റെ താളം തെല്ലിട നിശബ്ദമായി..
കാത്തിരിപ്പിന്‍റെ കടിഞ്ഞാന്‍ പൊട്ടിത്തകരവേ
അയാള്‍ മന്ത്രിച്ചു:
"അവസാനത്തെയാള്‍...."

Saturday, March 26, 2011

ദൈവവിളി

തീരാതെ,
തീരാതെയെന്റെ ഹൃദയത്തിന്‍
ജല്പനം, ത്വര

കേട്ടേതു  മാത്രയും
ജ്വലനം, ആഴി
അന്ധകാരക്കോലങ്ങള്‍,
അണിയാത്ത ചിലമ്പ്,
അണയാത്ത ചിരാത്

ഹ്രസ്വാത്മാവിന്റെ വ്യഥ
ധരണിയൊരൊറ്റകണ്ണു ചിമ്മുന്നു,
വിളക്കാളുന്നു,
തിരിയണയുന്നു,
നൂലിഴ തകരുന്നു,
ജല്പനം... ത്വര...
വീണ്ടും
ഞാനല്ലാതാകുന്നു,
ദേഹമെനിക്കന്യമാകുന്നു.....


രാവണന്‍

എന്തു  തെറ്റു ചെയ്തെന്ന്‍ ആരുമാലോചിക്കും...

സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ശ്രമിച്ചതോ...?
അവളിലില്ലാത്ത സ്നേഹം മെല്ലെ മെല്ലെ
ഉണ്ടാക്കിയെടുക്കാമെന്നു വിചാരിച്ചു
തട്ടിക്കൊണ്ടു വന്നതോ...?
എന്നും വന്നു,
മത്തനോ കുംബ്ലനോ
വലുതായോ എന്ന് നോക്കുംപോലെ
അഭിപ്രായം ആരാഞ്ഞതോ..?

സത്യത്തില്‍ രാവണന്‍ രാക്ഷസ്സനായതു-
കൊണ്ടായിരിക്കാം
സീതയുടെ ചാരിത്ര്യം നഷ്ടപ്പെടാതെ
തിരിച്ചു കിട്ടിയത്.
വല്ല ദേവന്മാരുമായിരുന്നെങ്കില്‍  
കാണാമായിരുന്നു പൂരം!!!

അല്ല, എന്നിട്ടും, ആ പാവത്തിന്റെ
ചാരിത്ര്യത്തെ സംശയിക്കാന്‍ കുറെ പേര്‍.
അത് കേട്ട്,
അവളെ പിരിയാന്‍ രാമനും...

രാവണന്‍ തന്നെ ഭേദം....

Friday, March 18, 2011

ആശയദാരിദ്ര്യം

വരികളിലൂടെ
വാക്കുകളിലൂടെ
കവിതയിലൂടെ
പ്രസംഗത്തിലൂടെ,
ആശയദാരിദ്ര്യം
ഉത്തമ സുഹൃത്തെന്നപോലെ
ഭീമാകാരമായ സത്വത്തെപോലെ
മനസ്സിനെ വിഴുങ്ങുന്ന അന്ധകാരത്തെപോലെ
പുറത്തേക്കു പ്രവഹിക്കുകയാണ്...

ഉഗ്രനൊരു ദു:സ്വപ്നം കണ്ടു
പേടിച്ചുറക്കം നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ,
ബന്ധിതനാക്കപ്പെട്ടവന്റെ അമര്‍ഷം പോലെ,
മര്‍ദ്ധിതന്റെ മാനത്തേക്കുയര്‍ന്ന മുഷ്ടി പോലെ,
അതുമല്ലെങ്കില്‍,
ഹൃദയത്തിനുള്ളില്‍ കടന്നു,
നാലുഭാഗത്തുനിന്നും അതിനെ ആക്രമിക്കാന്‍
ശക്തിയുള്ള വിഷാണു പോലെ,
ഈ ആശയദാരിദ്ര്യം എന്നെ വീര്‍പ്പുമുട്ടിക്കുന്നു.
ഞെരുക്കുന്നു...
പൊട്ടിത്തെറിക്കണമെന്ന്,
ലോകത്തോട്‌ വിളിച്ചുപറയണമെന്ന്,
"ഞാന്‍ ആശയമില്ലാത്തവന്‍
ആശയദാരിദ്ര്യമുള്ളവന്‍
തികഞ്ഞ ആത്മവഞ്ചകന്‍ "

ഉരുകുന്ന ചോരതുടലുകളെ 
തനിക്കുതന്നെ പൊട്ടിച്ചെറിയണം,
നാക്കു പിഴുതെടുക്കണം,
കണ്ണു ചൂഴ്ന്നും.....

............. രാവു പുലരവെ,
തീവ്രമായ ആ അമര്‍ഷത്തിനവസാനം
അയാളിലൊരു പുതിയ കവിത പിറവിയെടുത്തു:
"ആശയദാരിദ്ര്യം"

Thursday, March 17, 2011

മഴയെക്കുറിച്ച്...

ചാറി, ചെരിഞ്ഞ്‌..
കുത്തിയൊലിച്ച്, മുഖം കറുപ്പിച്ച്,
കള കളം പാടി...

ചിലപ്പോ തോന്നും,
പോട്ടിക്കരയുകയാണോയെന്ന് 
ആര്‍ത്തുല്ലസിക്കുകയാണോയെന്ന് 
പേടിപെടുത്തുകയാണോയെന്ന് 
ആശ്വസിപ്പിക്കുകയാണോയെന്ന് 
തോരാതെ അലമുറയിടുമ്പോള്‍
ശരിക്കും, 'രാത്രിമഴ'യിലെ ഭ്രാന്തി തന്നെ..

എങ്കിലും,
ഈ മഴയുടെ മാറ്റൊലികളെ
എന്റെ ചിന്താലോകത്തേക്ക് 
വലിച്ചിഴച്ചതെന്താണ്?
കാര്‍മേഘത്തിന്റെ കറുപ്പിനുള്ളിലൊരു ചുവപ്പുണ്ടാ-
യേക്കാമെന്നു  ഞാന്‍ 
ചിന്തിച്ചതെന്തു കൊണ്ടായിരുന്നു...

മിഥ്യകളെ പിച്ചിച്ചീന്തി
ദൂരെ കാട്ടിലേക്ക് വലിച്ചറിഞ്ഞ്
ഒരു തോല്‍സഞ്ചിയും തോളത്തു തൂക്കി,
ചിന്ത പുകയുന്നൊരു മുറിബീഡി
ചുകന്ന ചുണ്ടത്തുവെച്ച്,
വെള്ളം നനയ്ക്കാത്ത കോലന്‍മുടി
പാറിപ്പറത്തി,
കണ്ണു കുഴിഞ്ഞോരിഞ്ചോളം
അകത്തേക്ക് പോകണേയേന്നു പ്രാര്‍ത്ഥിച്ചു,
ഓര്‍മ്മചെപ്പിലെ വളപ്പൊട്ടുകളും,
വാടാര്‍മല്ലികളും രക്തക്കറ കളും ദൂരെയെറിഞ്ഞ്,
മഴയെയും, നിലാവിനെയും, മഞ്ഞിനേയും,
തേടിനടക്കുകയായിരുന്നു...

ഞങ്ങളൊരുമിച്ചിരുന്നു
സ്വപ്‌നങ്ങള്‍ പങ്കുവെച്ച ആ രാത്രിയില്‍
പ്രണയമാണ് നീയെന്നു പറഞ്ഞു,
നീ പെയ്തില്ലേ....
അത് സത്യമാണോയെന്നന്വേഷിക്കാന്‍....

ജനസേവകന്‍

തിരസ്കരിച്ചതിനാഴതിലെത്തിനോ-
ക്കിയിട്ടെന്നോ ത്രിസന്ധ്യയില്‍
നിലവിളക്കെരിയുന്നു, ആളുന്നു, പുക നീറുന്നു...
മാറാത്ത മാറ്റത്തിനുള്ളം കൈ പിടിച്ചു.
ഇല്ല. ഇതൊന്നു,മല്ലൊക്കെയും
നേടിയതൊറ്റാക്കു  ഞാന്‍....

ഒരമ്മ കരഞ്ഞിരുന്നൊരിക്കലാ
ജപ മുറിയില്‍, വ്രതം നോറ്റ്,
ജലപാനമില്ലാതെ.
അറിയാത്തപോലെ നടിച്ച- 
തല്ലെ,ന്നവനാണയിട്ടാലു,മവനറിയാം.
മാറില്ല,  ഞാനെന്നവന്‍ വീണ്ടും
മനസ്സിനോട്, മനസ്സിനോടു തന്നെ...

വിചിന്തനം -  വിചിന്തനം രണ്ടായ്‌ പിളര്‍ത്തി- 
യോരോരുത്തരു,മൊറ്റക്കായി.
ജപമുറിയിലെ കെടാവിളക്കണഞ്ഞു.
കണ്ണുനീര്‍ വറ്റി, അവനുമൊറ്റപ്പെട്ടു 
കാലമവനെ കല്ലെറിഞ്ഞു,
കൈക്കൂലിക്കാരനെന്നു മുദ്രകുത്തി.

ജപ മുറിയിലൊരമ്മ കരഞ്ഞിരുന്നു,
വ്രതം നോറ്റ്, ജലപാനമില്ലാതെ.

നേടിയെടുതത്തെല്ലാ-
മൊറ്റക്കെന്നവന്‍, വീണ്ടും...



ഒരു മുത്തശ്ശിക്കഥ

ഇടവപ്പാതിയാര്‍ത്തെത്തിയ
കൂരിരുട്ടില്‍,
രാവഘോഷങ്ങളുമായി അതതിന്റെ
നടനം തുടര്‍ന്നപ്പോള്‍
അര്‍ദ്ധയാമത്തിനന്ത്യവിനാഴികയി-
ലിണചേര്‍ന്ന നാഗപുരുഷന്റെ 
മാറില്‍ നിന്നടര്‍ന്ന
കല്ലു - മാണിക്യക്കല്ലു -
ഇടവഴിയിലൂടെയൊഴുകി
ഇടവപ്പാതിക്കൊരു
പിറവി കൊടുത്തപ്പോള്‍,
ഇണയില്ലാതെയലഞ്ഞ
യവന കന്യകയതുദരത്തിയിലേറ്റു വാങ്ങി
ഒരു യവന ഗന്ധര്‍വനെ പ്രസവിച്ചു,
ഒരു നാഗ കന്യകയെയും....

ഇടവം അലസമായി വലിച്ചെറിഞ്ഞ
ഇരുട്ടിലെ പിന്നീടുള്ള പല നിദ്രകളിലും
നാഗങ്ങളിണചേരുന്നത് സ്വപ്നം കണ്ടു
ആ യവന സുന്ദരി ഞെട്ടിയുണര്‍ന്നിരുന്നത്രേ 

വെളുപ്പും കറുപ്പും


എഴുതിക്കഴിഞ്ഞാല്‍
തന്റെ ചലനാത്മകമായ വാക്കുകള്‍ക്ക്
തേയ്മാനം സംഭവിക്കുമോയെന്നു
അവനു വല്ലാത്ത പെടിയുണ്ടായിരുന്നു.
മനസ്സിന്റെ ഇരുട്ടു മാറി വെളിച്ചത്തെ ആസ്വദിച്ച്
തിരിച്ചു വരാതിരിക്കുമോ എന്ന ചിന്ത.
അതവനെ പലപ്പൊഴും എഴുത്തില്‍നിന്നും പിന്തിരിപ്പിചു.


സ്വപ്നം കാണുന്നതിനെക്കുറിച്ചവന്‍ പലപ്പൊഴും
തലപുകഞ്ഞാലോചിച്ചിട്ടുണ്ട്...
ഭൂമിയുടെ ഭ്രമണം, രാവും പകലും, സൂര്യന്‍...
എന്നുമവന്‍ ചിന്തകളുടെ ലോകത്തായിരുന്നു,
ഇരുട്ടിന്റെയും.
വെളിച്ചമവനു ഭീതിയുടെ അതിര്‍വരമ്പാണ്.
അതിന്റപ്പുറത്തേക്കൊന്നു എത്തിനോക്കാന്‍ പോലും
അവന്‍ ശ്രമിച്ചില്ല..


വെളുത്തവരുടെ ലോകം.
നിറയെ കറുത്തമനസ്സുള്ളവരുമായി..
അറപ്പുളവാക്കുന്ന പ്രതീതി..!!
സന്തോഷകരമായ കറുപ്പില്‍,
നിറങ്ങളെ തേടി പൊകേണ്ട,
എല്ലാം ഒരേ നിറത്തില്‍..
ജീവിതം നടനമാടുന്നു..
ആമോദത്തോടെ, പൊട്ടിച്ചിരിയോടെ...
ഹ്രിദയത്തില്‍ നിന്നും നിര്‍ഗളിക്കുന്ന
മ്ളേച്ചമായ, തീരെ തരംതാണ ചിന്തകളെ മാത്രം
അവന്‍ എഴുത്തിലൂടെ കറുത്തവര്‍ക്കായി,
വെളുത്തലൊകത്തു ജീവിക്കുന്നവര്‍ക്കായി,
തുറന്നുകൊടുത്തു.
അതും പാതിയടച്ച ജാലകത്തിലൂടെ
കൈമാത്രം പുറത്തെക്കു നീട്ടി,
സൂര്യന്റെ തിരിതാണ നേരം നോക്കി,
അവന്റെ പ്രിയതമയുടെ കൈയ്യിലൂടെ മാത്രം.


അവള്‍ അതിനെ അവളുടെ ചൂളയിലിട്ടു പണിത്
അവളുടേതായ ചട്ടക്കൂടു നല്‍കി
വെളുത്തലോകത്തെ വെളുത്ത മനസ്സുള്ള
വെളുത്തവരിലേക്കെത്തിച്ചു.


തന്റെ ഇരുട്ടുനിറഞ്ഞ ലോകത്തില്‍
വെളുത്തതെന്നു അവന്‍ ഉറക്കെ പറയുന്ന
അവളുടെ കറുപ്പ് അവനറിഞ്ഞില്ല...

തീക്കട്ടക്ക്....

എന്റെ പ്രണയത്തിന് വാക്കുകളില്ലാതെ വരുമ്പോള്‍
ഞാന്‍ നിന്നെ ര്‍ക്കാറുണ്ട്.
എന്റെ പ്രണയം സിരകളിലൂടെ ചൂളമിട്ടു പായുമ്പോള്‍
നീയെന്റെ നടവഴിയാകാറുണ്ട്...
കാറ്റിന്റെ സ്വകാര്യവും മഞ്ഞിന്റെ ആലസ്യവും
ഇലഞ്ഞിയുടെ അടക്കംപറച്ചിലും എല്ലാം നീ തന്നെ....
നിന്റെ മാറിന്റെ ചൂടെന്നെ പുതക്കുന്ന നാള്‍
ഞാന്‍ സ്വപ്നം കാണാറുണ്ട്,
കോരിച്ചൊരിയുന്ന കര്‍ക്കിടത്തില്‍.
നിന്റെ ചുകന്ന കണ്ണുകളിലേക്ക്
എനിക്കു മതിയാവോളം നോക്കിയിരിക്കണം.
കാത്തിരിപ്പിന്റെ നാളുകളെ
കാലത്തീനു മായ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍,
ഒരു നാള്‍ ഞാന്‍ നിന്നില്‍ ലയിക്കും.
അന്നെന്റെ പ്രണയം പൂവിടും..
സ്വപ്നങ്ങള്‍ നൃത്തമാടും..
ഞാനും ചുവക്കും..
യുഗാന്ത്യങ്ങാളോളം നമ്മളൊന്നാകും... 

സ്നേഹത്തോടെ,
ഉറുമ്പ്

ഒളിച്ചോട്ടം

ഇനി യാതൊരു വഴിയും
തുറക്കപ്പെടില്ല എന്ന്
പൂര്‍ണ ബോധാവാനായതുകൊണ്ടും,
അവളെ പിരിയാനാവില്ല എന്ന
സത്യം അറിഞ്ഞുകൊണ്ടുമാണ്
അയാള്‍
അങ്ങനെയൊരു തീരുമാനമെടുത്തത്...

ഒളിച്ചോടുക,
എങ്ങോട്ടെങ്കിലും...
"സമ്മതമെങ്കില്‍ കൂടെവരിക"
അയാള്‍ പറഞ്ഞു...

അവള്‍ തലയാട്ടി...
എന്നിട്ട് തിരിച്ചു നടന്നു....!!!

പ്രണയം

മുന്‍പ്,
നീയെറിഞ്ഞ വിരഹമേറ്റ മനസ്സൊരു-
പേമാരിയെ കോര്‍ത്തിരുന്നെങ്കിലും
ഇന്നീ,
ഈറനണിയിച്ചൊരീ ചാറ്റല്‍ മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍ സഖീ...

പരിഭവച്ചൊടിയോടെയെന്നോയെ-
ന്നോരത്തു, മൊട്ടിട്ടു വിരിയിച്ച മിഴിനീരിനോടൊപ്പ-
മന്നൊരു സന്ദേഹമെറിഞ്ഞു നീ മാറിയപ്പൊള്‍,
അറിയാതെ പോയ മൌനത്തിന്റെ
മിടിപ്പു ബാക്കി വെക്കേണ്ടിയിരുന്നില്ല, സഖീ...

പ്രണയം..
എന്റെ വാക്കുകളിലും മിഴികളിലും
നിറഞ്ഞു ഒരു സ്വപ്ന സാമ്രാജ്യം
തീര്‍ത്തു തന്നപ്പോഴും ഇന്നലെയും ഇന്നുമായി പെയ്ത
മഴ തീര്‍ത്ത ഓളങ്ങളിലൂടെ കളിവഞ്ചിയായി
ഒഴുകുകയായിരുന്നു ഞാന്‍...

റിതുക്കല്‍ വന്നതും
യാത്ര പറഞ്ഞു പോയതും
ഉച്ചയുറക്കം കടം തന്ന ആലസ്യമെന്ന പോല്‍, ഞാന്‍
അറിയുകയോ അറിയാതിരിക്കുകയോ ചെയ്തു.
ചിലപ്പോഴൊക്കെ അറിയാത്തപോല്‍ കിടന്നു.
നീ ഉറങ്ങുകയാണ്, മനസ്സില്‍...

കൊത്തിപ്പറക്കാറായെന്നു പറഞ്ഞു
വാര്‍ഡന്‍ തൊളില്‍ തട്ടിയപ്പോഴാണ്,
പരിചിതരും അപരിചിതരുമായ ഒരുപാടു പേര്‍
വന്നുപോയതോര്‍ത്തത്...
സന്ദേഹമെന്നൊരു വാക്കിന്നില്ലത്രേ,
പോകുംവഴി അവളതൊരു
മുളങ്കാട്ടിലേക്കെറിഞ്ഞെന്ന്,
വാര്‍ഡന്‍ പറഞ്ഞു...!!!

ആത്മഹത്യാക്കുറിപ്പ്

ഇരുട്ടില്‍ നിന്നൊരു മോചനമായിരുന്നു,

ഉത്സവം കഴിഞ്ഞു,
മഞ്ഞണിഞ്ഞു നില്‍ക്കുന്ന മഞ്ചാടിക്കുന്നിറങ്ങുമ്പോള്‍
ഒരു റാന്തല്‍ വിളക്കുമായി എന്റെ മുന്നില്‍ വന്ന നീ....

ആ റാന്തലെന്റെ ഹൃദയത്തില്‍ തെളിയിച്ചത്,
ആരും കാണാതെ ഞാന്‍ മറച്ചുവെച്ച
സ്വപ്നങ്ങളുടെ ഒരായിരം ചിരാതുകളായിരുന്നു..

പിന്നീടാണറിഞ്ഞത്‌,
കൊളുത്തിയത് നീയല്ലത്രേ..
എന്റെ മോഹമായിരുന്നെന്ന്...
ചിലപ്പോള്‍ ശരിയായിരിക്കാം,
നശിച്ച ആ മോഹങ്ങള്‍ ഉപേക്ഷിക്കാനുള്ള
ഈ തീരുമാനവും...

ക്ഷമിച്ചേക്ക്, നീയെന്നോട്‌....

ആവര്‍ത്തനം

ഇന്ന്,
നാളെ,
മറ്റെന്നാള്‍...
ഞാന്‍ നിന്നെ പ്രണയിക്കും.....
                                              (ആവര്‍ത്തനം)

ഇന്ന്,
നാളെ,
മറ്റെന്നാള്‍...
നീ എന്റെ പ്രണയം തിരിച്ചറിയും.....
                                          (ആവര്‍ത്തനം)

മതി,
ഞാനെന്റെ സ്വപ്നം കാണല്‍ നിര്‍ത്തി.
ഇതെന്റെ രക്തത്തിനു ചേര്‍ന്നതല്ല...