Friday, May 27, 2011

കോണ്‍ഗ്രസ്സും ഇങ്കുലാബും


ഇലക്ഷന്‍ പ്രചാരണത്തില്‍ ചുട്ടുപൊള്ളുന്ന ഒരു തെരഞ്ഞെടുപ്പുകാലം. എങ്ങും ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളും (രഹസ്യമായി തെറിവിളികളും). തെരഞ്ഞെടുപ്പിനെ എന്നും ഞങ്ങളുടെ ഗ്രാമം വാശിയോടെയാണ് എതിരേറ്റിരുന്നത്.

പൊതുവേ, കോണ്‍ഗ്രസ്സിനു യുവത്വം നല്‍കുന്ന സംഭാവന വളരെ ചെറുതാണെന്നാണ്  വെപ്പ്. ഞങ്ങളുടെ നാട് അതിനു വലിയൊരു അപവാദമായിരുന്നു.

ആയിടക്കാണ് കെ.പി. അനില്‍ കുമാര്‍ നയിക്കുന്ന ഒരു കാല്‍നട പ്രചാരണ ജാഥക്ക് അന്ന് വൈകീട്ട് പെരുമ്പിലാവ് സെന്ററില്‍ സ്വീകരണമുണ്ടെന്നു അയല്‍വാസിയും നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനുമായ ജ്യോതിയേട്ടന്‍ പറയുന്നത്.
"കുന്നംകുളത്താണ് സമാപന സമ്മേളനം. രമേശ്‌ ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കണ്ണനും ബിനിയും ഉണ്ണിയുമൊക്കെ ഉണ്ടാകും. എല്ലാവരും കൂടി പെരുമ്പിലാവിലേക്ക് വന്നാ മതി."

അഞ്ചു മണിയോടെ ഞങ്ങള്‍ പെരുമ്പിലാവിലെത്തി. ഇത്രയധികം ജനങ്ങളെ ഒരു കോണ്‍ഗ്രസ്സ്‌ ജാഥക്ക് കാണുന്നത് ആദ്യമായായിരുന്നു. 

പെരുമ്പിലാവില്‍ നിന്നും കുന്നംകുളം വരെയുള്ള ഏഴു കിലോമീറ്റര്‍ ഒരു 'ഡിഫി' ജാഥ എന്നതുപോലെ ഞങ്ങള്‍ പ്രകമ്പനം കൊള്ളിച്ചു. തീ പാറുന്ന മുദ്രാവാക്യം വിളികളും, നാടന്‍ പാട്ടുകളുമൊക്കെയായി ജാഥയുടെ ഏറ്റവും പുറകില്‍ ഞങ്ങള്‍ ആര്‍ത്തുവിളിച്ചു. പല മുതിര്‍ന്ന പ്രവര്‍ത്തകരും ഞങ്ങളുടെ ഊര്‍ജ്ജസ്വലതയെ മൗനമായി അഭിനന്ദിച്ചു.

ജാഥ കുന്നംകുളത്തെത്തി.





കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഒരു തുറന്ന വാഹനത്തില്‍ രമേശ്‌ ചെന്നിത്തലയും എത്തി. കേരളം മുഴുവന്‍ ഇളക്കിമറിച്ച ആ ജാഥയുടെ തിരയിളക്കം എല്ലാവരിലുമുണ്ടായിരുന്നു. മുദ്രാവാക്യം വിളി ഉച്ചത്തിലായി.

ചെന്നിത്തലയെ കണ്ടതും ഉണ്ണിയേട്ടന്‍ പെട്ടെന്ന് ഒരു പൊട്ടിത്തെറിക്കലായിരുന്നു. ഞങ്ങളെയൊക്കെ തട്ടിമാറ്റി, ഭയങ്കര മുദ്രാവാക്യം വിളി. ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകി. ശബ്ധമെല്ലാം ഇടറി.
"ദൈവമേ, ഇത്രയും ആവേശം ഈ ശരീരത്തില്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നോ...?"

പഴയ കെ.എസ്.യു ക്കാരനാണ് ഉണ്ണിയേട്ടന്‍. എന്തായാലും ആ ആവേശം ഞങ്ങള്‍ കെടുത്തിയില്ല. ഞങ്ങള്‍ അതേറ്റു പിടിച്ചു. ബിനിയായിരുന്നു നേതൃത്വം വഹിച്ചത്.

ഞാനും ബിനിയും സമപ്രായക്കാരായിരുന്നു. ബിനി വളരെ അടുത്തകാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രിതനായത്. ചുരുങ്ങിയ പരിപാടികളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എങ്കിലും, ആവേശം അലകടലോളമായിരുന്നു.

ചെന്നിത്തലയുടെ അരികെ നിന്ന് എല്ലാവരും കേള്‍ക്കെ, കെ.എസ്.യു വിന്റെ ഒരു മുദ്രാവാക്യം ബിനി ഉറക്കെ നീട്ടി വിളിച്ചു. ഏറ്റുവിളിക്കാന്‍ ഞങ്ങളും..

"ഉയരെ നീലക്കൊടി പാറട്ടെ..
ഉടലില്‍ ചോര തിളച്ചുയരട്ടെ..
അതിന്നു മീതെ നീലാകാശ-
നീല പൊന്‍കൊടി പാറട്ടെ...!!"

എല്ലാവരും ഞങ്ങളെ നോക്കി. "ഏതാ ഈ വളര്‍ന്നു വരുന്ന യുവത്വം...?"
ഞങ്ങളും അന്ധാളിച്ചു. "ഇവനിതൊക്കെ എവിടെനിന്ന് പഠിച്ചു...?"

ഇതൊന്നും ഒന്നുമല്ല, വലുത് വരാനിരിക്കുന്നതെ ഉള്ളു എന്ന  മട്ടില്‍ ബിനി അടുത്തത് ആഞ്ഞു വിളിച്ചു: "ഇങ്കുലാബ് സിന്ദാബാദ്.. ഇങ്കുലാബ് സിന്ദാബാദ്..!!"

"ഏ, ഇങ്കുലാബ് സിന്ദാബാദോ.."
ഞാന്‍ കണ്ണേട്ടനെ ഒന്ന് ഒളികണ്ണിട്ടു നോക്കി.... 
"ഓടണോ..." കണ്ണേട്ടന്‍ പതിയെ ചോദിച്ചു..

എന്തോ പിശകുപറ്റിഎന്ന് മനസ്സിലായ ബിനി ഒന്നുമറിയാത്തതു പോലെ അതിന്റെ കൂടെ കൂട്ടി വിളിച്ചു:
"എന്നുവിളിക്കാന്‍ ആരുണ്ടിവിടെ...
ആ പാര്‍ട്ടിക്കിവിടെ വോട്ടില്ല...
ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

ഹോ... തലനാരിഴക്ക് രക്ഷപ്പെട്ടു...
ഉള്ളിലൊരു ചിരിയോടെ ഞങ്ങളും ഏറ്റുവിളിച്ചു:

"ആരുണ്ടിവിടെ... ആരുണ്ടിവിടെ..."

Monday, May 16, 2011

പശ്ചാത്താപം (ഒരു കൊലപാതകിയുടെ)




1  

ഞാനാദ്യം വീഴ്ത്തിയ ചോരപ്പൊടിക്ക്,
നിന്റെ ചോരക്കറക്ക്..
ഇഴുകിയിരചേര്‍ന്ന കാറച്ച മണ്ണിന്..
ഗാഡ്ഢീവമുടച്ചട്ടഹസിച്ച-
യുവത്വത്തിന്..
അഗ്നി ചുട്ടെടുത്ത നീലച്ച രാവിന്..
ഉഷസ്സിനക്കരെ ആദിത്യപ്രഭാ-
മഹിമക്കേറ്റ പൊള്ളലിന്..
മാനമൊടുന്നിട്ടും
കിലുങ്ങാത്ത നിന്‍ ചിലങ്കകള്‍ക്ക്
അംഗുലിചേര്‍ക്കാതിരുന്ന വികൃതമാം
മംഗല്യ ചരടിന്..
ഉറച്ച ചങ്ങല ക്കൊളുത്തിന്

2

ജനിക്കാതെ മരിച്ച രാപ്പാടിക്ക്
നിന്റെ ജലമറ്റ ശിരസ്സിന്
തിളക്കമറ്റ മിഴികള്‍ക്ക്
കീരികളെടുക്കാതെപോയ കീരിപ്പല്ലിന്
ചിനങ്ങും മുമ്പ് ചലനമറ്റ 
ചെന്താമാരച്ചുണ്ടുകള്‍ക്ക്
നിനക്കുവേണ്ടി ജന്മമെടുത്ത 
കിളിപ്പന്തിന്, തൊട്ടാവാടിക്ക്‌..

3

ഭൂഗോളമായി കത്തിപ്പടര്‍ന്ന 
വന്യചിന്തകളുടെ അച്ചുതണ്ടിന്..
നിബിഡമാം മോഹനഭസ്സിന്റെ
രതികേന്ദ്രത്തിന്.. അതിന്റെ
ആരക്കാലു കരിഞ്ഞ
മൃഗചിന്തക്ക്..
ഒഴിഞ്ഞ മധുചഷകത്തിന്
പുകനിറച്ച കടലാസ്സുകുഴലിന്..

4

ഉണരാന്‍ വൈകിയ പ്രഭാതത്തിന്‌,
സന്ധ്യക്കും.
വിളക്കാനാവാതെ തുരുമ്പെടുത്ത
വ്രണപ്പാടുകളുടെ പൂര്‍വ്വചിത്രത്തിന് 
ചിതലരിച്ചു പൊടിഞ്ഞ മനസ്സിന്..
മാറാലകെട്ടിയ മച്ചിന്
മുന്നില്‍ കുമിഞ്ഞ വെള്ളച്ചോറിന്
പിരിഞ്ഞുതൂങ്ങിയ കയറിന്..

5

എല്ലാത്തിനുമുപരി,
എന്നെ കുറ്റവിമുക്തനാക്കുന്ന 
ആരാച്ചാര്‍ക്ക്‌...

...................................................................

Wednesday, May 11, 2011

ടീച്ചറെ കണ്ടെത്തല്‍


"കോപ്പിയടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങളാണ്..." 

കേരളവര്‍മ്മയില്‍ പഠിക്കുന്ന കാലത്ത്, പരീക്ഷകള്‍ നടത്തിയിരുന്നത് ശങ്കരന്‍ നമ്പ്യാര്‍ ഹാള്‍ എന്ന കോളേജിലെ മെയിന്‍  ഓഡിറ്റോറിയത്തിലായിരുന്നു. അലഞ്ഞു നടക്കുന്ന ടീച്ചര്‍മാരുടെ ഇടയിലിരുന്നു കോപ്പിയടിക്കുക അതീവ ദുഷ്കരമായ പ്രക്രിയയായിരുന്നു. അതുകൊണ്ട് തന്നെ അവിടെനിന്നൊരു മോചനം എല്ലാവരുടെയും സ്വപ്നമായിരുന്നു.

ഏതോ തലതിരിഞ്ഞവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കണം.
അന്നത്തെ കണക്കു പരീക്ഷയുടെ ദിവസം, നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്  എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു... 

"അരങ്ങു നിന്നും അടുക്കളയിലേക്ക്.."
അന്നത്തെ പരീക്ഷ, നട്ടുച്ചയ്ക്ക് പോലും വെളിച്ചമെത്താത്ത മലയാളം ക്ലാസ്സില്‍...

"മോനെ.. മനസ്സിലൊരു ലഡ്ഡു പൊട്ടി..."

"ഇനി ക്ലാസ്സിലേക്ക് വല്ല ഫ്രാന്‍സിസ് സാറോ, വേണു സാറോ, ഇന്ദിര മിസ്സോ മറ്റോ വരാതിരുന്നാല്‍ മതിയായിരുന്നു. എങ്കില്‍ കോപ്പിയടിക്കാമെന്നു വിചാരിച്ചതെല്ലാം വെറുതെയാകും." അവസാനവട്ട ചര്‍ച്ചകള്‍ക്കിടയില്‍ ആരോ പറഞ്ഞു.

പരീക്ഷ തുടങ്ങാറായപ്പോള്‍ ക്ലാസ്സിലെത്തിയത്  പാവങ്ങളില്‍ പാവം എന്നറിയപ്പെടുന്ന സരോജിനി ടീച്ചര്‍.


"മോനെ.. മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി..."

പിന്നെ അവിടെ നടന്നത് പരീക്ഷയായിരുന്നില്ല, കാലിക്കറ്റ് യുണിവേഴ്സിറ്റി നടത്തിയ ഒരു കോപ്പിയടി തീവ്രപരിശീലന ക്യംപായിരുന്നു.

പരീക്ഷ കഴിയാറായി.
പെട്ടെന്നാണ് രംഗം വഷളായത്... 
അരങ്ങില്‍, മാത്സ് ഡിപാര്‍ട്ട്‌മെന്റിലെ വേണു സാറും സുമനും സുജിത്തും...


സുജിത്തിന്റെ പേപ്പറില്‍ നോക്കി സുമന്‍ എഴുതുന്നതിന്റെ തത്സമയ ദൃശ്യം കണ്ടുവന്ന വേണു സാര്‍ രണ്ടുപേരുടെയും ഹോള്‍ടിക്കറ്റുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.

പരീക്ഷ കഴിഞ്ഞു..
ഹോള്‍ടിക്കറ്റു കിട്ടാതെ എങ്ങിനെ അടുത്ത പരീക്ഷ എഴുതും..?


സമയം അതിക്രമിക്കുന്നു. ഹോള്‍ടിക്കറ്റുകള്‍ തിരികെ കിട്ടാനുള്ള അഭ്യര്‍ത്ഥനയുമായി ഞങ്ങള്‍ "സ്റ്റോണാസ് " എല്ലാവരും മാത്സ് ഡിപാര്‍ട്ട്‌മെന്റിലേക്കു ചെന്നു.


അത്ര പരിചയമില്ലാത്ത ഒരു ടീച്ചര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ...

 "മാം, വേണു സാര്‍ ഉണ്ടോ..?
"ഇല്ല, ഊണ് കഴിക്കാന്‍ പോയി. എന്താ...?
"അല്ല, ഇവരുടെ ഹോള്‍ ടിക്കറ്റ് കോപ്പിയടിച്ചതിന് സാര്‍ വാങ്ങി വെച്ചു. അത് തിരിച്ചു ചോദിക്കാനാ..."

"ഓ, അതുശരി... നിങ്ങള്‍ ഏതാ ഡിപാര്‍ട്ട്‌മെന്റ് "
"ഫിസിക്സാ...." ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അഭിമാനത്തോടെ പറഞ്ഞു...

"ഏ... ഫിസിക്സോ" മിസ്സിന് അത്ഭുതമായി. ആ അത്ഭുതത്തിന്റെ കാരണമെന്തെന്നറിയാന്‍ ഞങ്ങള്‍ക്കും ആകാംക്ഷയായി.

"രണ്ടു വര്‍ഷമായി ആ ക്ലാസ്സില്‍ മാത്സ് പഠിപ്പിക്കുന്ന ടീച്ചറാണ് ഞാന്‍. നിങ്ങളെ ആരെയും ഞാന്‍ അവിടെ കണ്ടിട്ടില്ലല്ലോ....?

മിസ്സ്‌ അത് പറഞ്ഞു തീരും മുന്‍പേ, കാമ്പസിലെ ഞങ്ങളുടെ ആസ്ഥാന മരമായ കടലാസ്സുമരച്ചുവട്ടില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചുക്കഴിഞ്ഞിരുന്നു.



മരച്ചുവട്ടിലിരുന്നു, താടിക്ക് കൈയും കൊടുത്തു  ഒരു ദീര്‍ഘ നിശ്വാസത്തോടെ  ശശി പറഞ്ഞു:
"എവിടെയോ നല്ല കണ്ടു പരിചയമുളള മുഖം. അത് എവിടെയാണെന്ന് ഓര്‍ക്കുകയായിരുന്നു ഞാനപ്പോള്‍.... എവിടെയാണെന്ന് ചോദിക്കാതിരുന്നത്  നന്നായി.. ല്ലേ, മുത്തേ.."


................................................................................................

Saturday, May 7, 2011

കാത്തിരിപ്പ്‌; അതും മദ്യം

സൂര്യന്‍  നേരം വൈകി അസ്തമിക്കുന്നതിനെ പഴിച്ചൊരു ശനിയാഴ്ചയായിരുന്നു അന്ന്. കുറെ നാളുകള്‍ക്കു ശേഷം കൂട്ടുകാരെല്ലാം കൂടി ഒന്നിച്ചുചേരുകയാണ്.

"വൈകീട്ടെന്താ പരിപാടി"
"വെള്ളമടിക്കാം, കുറെ ദിവസമായില്ലെ കൂടിയിട്ട്." മാന്യനായ ഒരു കുടിയന്‍ മറുപടി പറഞ്ഞു.

ന്യായമായ ആശയം. എല്ലാവരും ആ ആശയത്തെ അംഗീകരിച്ചു. മാസാവസാനമായത്തിന്റെ കിതപ്പ് എല്ലാവരുടെ കീശയിലും പ്രകടമായിരുന്നു.എന്നാലും ഒരു നല്ല കാര്യത്തിനെന്ന നിലക്ക് എല്ലാവരും ഉള്ളതെല്ലാം സംഭാവന നല്‍കി പരിപാടിക്ക് കൊഴുപ്പ് കൂട്ടി.

ഒരു റെയില്‍വേ ക്രോസ് കടന്നുവേണം  ബാറിലെത്താന്‍. കുറച്ചു നടക്കണം. ആര് പോകും...?




"ഞാന്‍ പോകാം." അത് പറയുമ്പോള്‍ ബിജു അത്യധികം സന്തോഷവാനായി കാണപ്പെട്ടു. ഒരു കാ കിലോ പഞ്ചസാര വാങ്ങി വരാന്‍ പറഞ്ഞാല്‍ താഴെയിറങ്ങാത്ത ആളാണ്‌. പ്രേമനൈരാശ്യം തലക്കുപിടിച്ചു ബീഡിക്കുറ്റികള്‍ കൊണ്ട് അവളുടെ പേരെഴുതിക്കളിക്കലാണ് ടിയാന്റെ ഇപ്പോഴത്തെ പ്രധാന ജോലി.

"ആ, ആരെങ്കിലുമാകട്ടെ... സാധനം ഒരു കേടും കൂടാതെ എവിടെ എത്തിയാല്‍ മതിയായിരുന്നു."

ബിജു പോയി മണിക്കൂര്‍ ഒന്നായി. ആളെ കാണാനില്ല. എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കുകയാണ്. വിശപ്പ്‌ പലപ്പോഴും ഒരു വിരുന്നുകാരനെപ്പോലെ മനസ്സിന്റെ വാതില്‍ തള്ളിത്തുറന്നു പുറത്തേക്കു പ്രവഹിക്കുന്നു. റൂമിലാകെ സിഗരറ്റിന്റെ പുക നിറഞ്ഞു..

വിശപ്പ്‌ പിന്നെയും സഹിക്കാം. മദ്യം തേടിയുള്ള ഈ കാത്തിരിപ്പ്‌ അസഹനീയം തന്നെ.

"ചിലപ്പോ റെയില്‍വേ ഗേറ്റ് കിട്ടിക്കാണും." കൂട്ടത്തില്‍ മുതിര്‍ന്ന ജോസേട്ടന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു. ആളും ആശ്വസിച്ചു.

ഒരു പാസഞ്ചര്‍ ട്രെയിന്‍ എല്ലാവരുടെയും ചിന്തകള്‍ക്ക് വിരാമാമിട്ടെന്നപോലെ കൂകിപാഞ്ഞു കടന്നുപോയി.

ഇനിയും ബിജുവിനെ കാണാനില്ല. ട്രെയിന്‍ പോയി ഒന്നു രണ്ടു  മിനിട്ടിനുള്ളില്‍ എത്തേണ്ടതാണ്. എല്ലാവരും ശരിക്കും കാത്തിരുന്നു മുഷിഞ്ഞു. "ആ പുന്നാരമോനെ ഒന്ന് മൊബൈലില്‍ വിളിച്ചു നോക്കടാ.."

ആ കൃത്യം ഏറ്റെടുത്തതും ജോസേട്ടനായിരുന്നു.
"ഡാ, ബിജ്വോ, നീ അവടെ എന്തൂട്ടാ കാട്ടണേ  ഗെഡീ.." തൃശൂക്കാരന്‍ ജോസേട്ടന്‍ തന്റെ പതിവ് ശൈലി വിട്ടില്ല.

"ജോസേട്ടാ, ഇനി അടുത്ത ട്രെയിന്‍ എപ്പോഴാ..." ബിജുവിന്റെ ഉത്തരം ആകാംക്ഷ നിറഞ്ഞ വേറൊരു ചോദ്യമായിരുന്നു...

"ഇനി കുറച്ചു കഴിഞ്ഞേ ഉള്ളു. നീ എവിടെ സ്റ്റാ. ഇന്നേക്ക് കുടിക്കാനാ..." ജോസേട്ടന്റെ ഉത്തരവാദിത്വബോധം ആളിക്കത്തി.

"ട്രെയിന്‍ വരാന്‍ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടു, കയ്യിലുള്ള കവര്‍ ഗേറ്റില്‍ തൂക്കിയിട്ടൊന്നു മൂത്രോഴിക്കാന്‍ പോയതാ... ട്രെയിന്‍ പോയപ്പോ ഗേറ്റ് പൊക്കി.  കവര്‍ ഇപ്പൊ ഗേറ്റിന്റെ മുകളില്‍ തൂങ്ങിക്കിടക്കുകയാ....

ഇനി അടുത്ത ട്രെയിന്‍ വന്നാലേ ഗേറ്റ് താഴ്ത്തുകയുള്ളൂ ന്ന്..."


................................................................................................

Monday, May 2, 2011

ചങ്ങാതി നന്നായാല്‍....

ഒരു പരീക്ഷാക്കാലം...


എന്തോ, പതിവിനു വിപരീതമായി അന്നത്തെ കണക്കു പരീക്ഷക്ക്‌ ഞാന്‍ നന്നായി പഠിച്ചു. എന്തെന്നില്ലാത്ത ആത്മവിശ്വാസം മനസ്സിന്നുള്ളില്‍... 
ശങ്കരന്‍ നമ്പ്യാര്‍ ഓഡിറ്റോയത്തില്‍ ആയിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. എല്ലാം പഠിച്ച ചോദ്യങ്ങള്‍.


 "ഇന്ന് അഡിഷണല്‍ ഷീറ്റ്  കുറെ വാങ്ങേണ്ടി വരും" ഞാന്‍ മനസ്സിലോര്‍ത്തു. 

അപ്പുറത്തു  വത്സനും സുമനും ദേവേട്ടനുമെല്ലാം വിഷണ്ണരായി പരസ്പരം നോക്കുന്നു... വത്സന്‍ എന്നെ നോക്കി.... ഇനി ഞാന്‍ പഠിച്ചിട്ടുണ്ടെന്നു അറിഞ്ഞു അവനു സങ്കടമാകണ്ട എന്ന് കരുതി "അളിയാ, എനിക്കും ഒന്നുമറിയില്ലടാ.." എന്നൊരു സങ്കടഭാവത്തോടെ ഞാന്‍ തിരിച്ചു നോക്കി. അത് കണ്ടപ്പോള്‍ വത്സന് ആശ്വാസമായി...എനിക്കും..

പത്തുമണിക്ക് പരീക്ഷ തുടങ്ങി പത്തര ആയിട്ടെ ഉള്ളു, എന്റെ ഉള്ളിലെ ആത്മവിശ്വാസം ഒരു ബലൂണിലെ കാറ്റെന്ന പോലെ നെഞ്ചില്‍നിന്നൂര്‍ന്നു പരീക്ഷാഹാളില്‍ നിറഞ്ഞു... ശ്വാസത്തിന്റെ വേഗത കുറഞ്ഞോ... അതോ കൂടിയോ...? മനസ്സിലാകുന്നില്ല.. കണ്ണില്‍ ഇരുട്ട് കയറുന്നപോലെ... 

ഒന്നിന്റെയും ഫോര്‍മുല ഓര്‍മ്മയില്ല... ഓര്‍മ്മയുള്ള ഫോര്‍മുലകള്‍ ഉള്ള ചോദ്യങ്ങള്‍ ഒന്നും വന്നിട്ടുമില്ല.  ഫോര്‍മുലകള്‍ അറിയാതെ കണക്കു പരീക്ഷക്ക്‌ പരിചയമുള്ള ചോദ്യങ്ങള്‍ വന്നിട്ട് എന്ത് കാര്യം. ഈ ഫോര്‍മുലകള്‍ കണ്ടുപിടിച്ചവനൊക്കെ വെള്ളം കിട്ടാതെ ചത്തിട്ടുണ്ടാകും... #$*&#@#$%

ഈശ്വരാ! എല്ലാവരും നന്നായി എഴുതുന്നു.. വത്സന്‍ ഒന്നാം റാങ്ക് വാങ്ങിച്ചിട്ടെ ഇനി നിര്‍ത്തുകയുള്ളൂ എന്നമട്ടില്‍ എങ്ങും നോക്കാതെ നിര്‍ത്താതെ എഴുതുന്നു... ഇനി എനിക്ക് സങ്കടമാകണ്ട എന്ന് കരുതി "അളിയാ, ഒന്നുമറിയില്ലടാ" എന്ന മുഖഭാവത്തോടെ അവന്‍ എന്നെ നോക്കിയതാണോ എന്തോ....?

കുറച്ചു നേരം ഞാന്‍ വെറുതെയിരുന്നു.... നാല് രൂപ മെഴുകുതിരി, ഏഴ് രൂപ അമ്പതു പൈസയുടെ മൂന്നു നാളികേരം.. ഭണ്ഡാരത്തില്‍ ഇട്ടവകയില്‍ ഒരു എട്ടു രൂപ വേറെയും...

"എന്തായാലും പഠിച്ചത് ഒന്നും ഓര്‍മ്മയില്ല, എന്നാപിന്നെ നന്നായി കോപ്പിയടിക്കാനുള്ള കരുത്തു തരേണമേ ദേവീ...." ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്റെ അടുത്തിരിക്കുന്നത് ക്ലാസ് മേറ്റ്‌ ആയ തസ്നിം എന്ന പെണ്‍കുട്ടിയാണ്. ക്ലാസ്സില്‍ താരതമ്യേന നന്നായി പഠിക്കുകയും ഒന്നാം ബെഞ്ചില്‍ ഇരിക്കുകയും ചെയ്യുന്ന കുട്ടിയാണ് അവള്‍.


ഇനി വേറെ നിവൃത്തിയില്ല...

ആദ്യം ഞാന്‍ തൊടുത്തുവിട്ട എന്റെ സഹായ അഭ്യര്‍ഥനകളെല്ലാം അവള്‍ വളച്ചൊടിച്ചു തിരിച്ചയച്ചു. എന്ന് വച്ച് നമ്മള്‍ നിര്‍ത്തരുതല്ലോ.. അവസാനം എന്റെ "നിസ്സഹായാവസ്ഥ" അവള്‍ക്കു ബോദ്ധ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ അവള്‍ ഉത്തരക്കടലാസ്സ് കാണിച്ചുതരാമേന്നേറ്റു. ഞാന്‍ ഓരോ തവണ ഞാന്‍ എക്സാം പേപ്പറിലേക്ക്‌ എത്തിനോക്കുമ്പോളും  പേടിച്ചിരിക്കുന്ന അവളുടെ മുഖം എന്നെക്കൂടി ഭയചകിതനാക്കി.


സമയം മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു... ഞാന്‍ എന്റെ കര്‍ത്തവ്യം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.. പരീക്ഷ കഴിയാറായി. പുറകില്‍ ഇരിക്കുന്ന കുട്ടി അഡിഷണല്‍ ഷീറ്റ് വാങ്ങാന്‍ എഴുന്നേറ്റതു തസ്നി കണ്ടില്ല. തസ്നി നോക്കുമ്പോള്‍ ക്ലാസ്സിലെ സാര്‍ തന്നെ ലക്ഷ്യമാക്കി വരുന്നു... "അള്ളാ, കുടുങ്ങിയത് തന്നെ.... കോപ്പിയടി കണ്ടുപിടിക്കപ്പെട്ടു.."


സാര്‍ അടുത്തെത്തി ആ കുട്ടിക്ക് പേപ്പര്‍ കൊടുക്കാന്‍ തുടങ്ങും മുന്‍പേതന്നെ തസ്നി എഴുന്നേറ്റുനിന്നു ഒറ്റക്കരച്ചില്‍...
"ഇനി മേലില്‍ ഞാന്‍ ഉത്തരക്കടലാസ്സ് ആര്‍ക്കും കാണിച്ചു കൊടുക്കില്ല സാര്‍...."


ങേ...!!
സാറൊന്നു പകച്ചു..

സാര്‍ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുന്‍പേ തന്നെ അവള്‍ എല്ലാം അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു... ഒന്നുമറിയാതെ നിന്ന സാറിനു വഴിയെ കാര്യങ്ങളെല്ലാം മനസ്സിലായി...

"തന്റെ ക്ലാസ്സില്‍ ഇത്തരമൊരു അനീതി അനുവദിക്കില്ല എന്നായി സാര്‍.." ഒടുവില്‍ ആ കുറ്റവാളിയുടെ മുള്‍ക്കിരീടം ധീരതയോടെ  ഒറ്റയ്ക്ക് എടുത്തണിഞ്ഞു ഞാന്‍ ഓഫീസിലേക്ക് നടന്നു..

അവളുടെ ആ സത്യസന്ധതക്ക് ഞാന്‍ കൊടുത്ത വില എന്റെ ഹോള്‍ ടിക്കറ്റ് ആയിരുന്നു...


ഹോള്‍ ടിക്കറ്റിനു വേണ്ടി ഓഫീസിന്റെ വരാന്തയില്‍ ഒരു അഭയാര്‍ത്ഥിയെപ്പോലെ ഞാന്‍ നില്‍ക്കുമ്പോള്‍ ഉച്ചവെയിലിനെ മറച്ചു തണല്‍ വിരിച്ചുനില്‍ക്കുന്ന പേരാലിന്റെ ചുവട്ടില്‍, ആകുലതകളെ വെടിഞ്ഞൊരു "നിഷ്കളങ്ക ഹൃദയം" അടുത്ത പരീക്ഷയുടെ തിരക്കിലേക്ക് പതിയെ ചുവടു വെച്ചിറങ്ങുകയായിരുന്നു..


...............................................................