Saturday, July 23, 2011

നൊസ്റ്റാള്‍ജിയ

ഇരുട്ടു വീണുതുടങ്ങിയ ബാംഗ്ലൂരിലെ  ഒരു  സന്ധ്യയില്‍, ഓപ്പുവിന്റെ (ഓപ്പോള്‍) ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്നു, മാറ്റമില്ലാതെയൊഴുകുന്ന ബാംഗ്ലൂരിന്റെ തിരക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന ഇന്നലെകളെ തിരയുകയായിരുന്നു ഞാന്‍.

കൂടണയാന്‍ തിടുക്കം കൂട്ടി ഒരുകൂട്ടം വാലാട്ടിക്കിളികള്‍ കലപില ശബ്ദത്തോടെ കടന്നുപോയി. അലക്ഷ്യമായെത്തിയ ചാറ്റല്‍മഴയില്‍, ഒരു യാത്രയയപ്പിനെന്നപോലെ കാത്തുകിടന്ന ചെമ്പരത്തിപ്പൂ ഞെട്ടുവിട്ടു താഴേക്കു കുതിച്ചു. ഇലക്ട്രിക് വയറിലൂടെ മനസ്സിലൊരു തീനാളം കോരിയിട്ടു രണ്ടു അണ്ണാറക്കണ്ണന്മാര്‍ അപ്പുറത്തെ ഫ്ലാറ്റിലേക്ക് ചാടി, ഇരുട്ടിലേക്ക് മറഞ്ഞു. സന്ധ്യയുടെ ചുവപ്പിലേക്ക് നിശീഥിനി കണ്മഷിചെപ്പു തുറന്നു.  തണുപ്പുചേര്‍ത്തു തുന്നിയ കമ്പിളിക്കുപ്പായം പോലെ, വഴിതെറ്റി വന്നൊരു വൃശ്ചികകാറ്റ് എന്റെ മിഴികളെ കുളിരണിയിച്ചു.

മനസ്സിന്റെ ആലയില്‍ വെന്തുരുകാന്‍ പാകമായ ചെമ്പിന്‍ തകിട് കാത്തു വെക്കുമ്പോഴെല്ലാം ആ നില്പ് എനിക്ക് പതിവുള്ളതായിരുന്നു. വന്നവഴിയെ ഒരു തിരിച്ചുപോക്ക്. നാടിന്റെ നൊമ്പരമുണര്‍ത്തുന്ന ആ യാത്രക്കിരുവശവും ഓര്‍മ്മകള്‍ ഒരു പരദേശിയെപ്പോലെ എന്നെ വരവേല്‍ക്കാറുണ്ടായിരുന്നു. അതായിരുന്നു എന്റെ നൊമ്പരവും.

ഓര്‍മ്മകള്‍ നെഞ്ചില്‍ക്കിടന്നു പിടഞ്ഞു അസഹ്യമാംവിധം പുറത്തേക്കു തള്ളുമ്പോഴാണ് ഇല്ലാത്ത നുണകള്‍ പറഞ്ഞു ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറുന്നത്. ഓട്ടോ വിളിച്ചു പോകാനുള്ള വഴിയുണ്ടായിട്ടും, യാത്രാക്ഷീണത്തെയും ഉറക്കത്തേയും വെല്ലുവിളിച്ചു പാടവരമ്പിലൂടെയും വളച്ചു കെട്ടിയ മുള്ളുവേലികള്‍ക്ക് നടുവിലൂടെയുമെല്ലാം നടന്നു വീട്ടിലേക്കു പോകാറുള്ളത് ആ ഒരു നൊസ്റ്റാള്‍ജിയ കൊണ്ട് തന്നെയായിരുന്നു.. വഴിയില്‍ കാണുന്ന ഓരോ മുഖത്തോടും "ഞാനിതാ തിരിച്ചു വന്നിരിക്കുന്നു" എന്ന് ഉറക്കെപ്പറയാന്‍ തോന്നും.. കണ്ടമാത്രയില്‍ അലക്കിത്തേച്ചൊരു ചിരിയോടെ "ഇനിയെന്നാ തിരിച്ചുപോകുന്നത്", എന്നുള്ള പലരുടെയും ആലങ്കാരികമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിങ്ങുന്ന മനസ്സിന് പലപ്പോഴും ചിരിക്കാനറിയുമായിരുന്നില്ല...

ബാംഗ്ലൂരിലെ ഞായറാഴ്ചകള്‍ ശരിക്കും വിശ്രമദിനങ്ങളായിരുന്നു. ഉച്ചഭക്ഷണം മിക്കവാറും ദിവസങ്ങളില്‍ ഓപ്പുവിന്റെ വീട്ടില്‍നിന്നാകും. ഹോം സിക്ക്നസ്സിനു ഒരു പരിധിവരെ വിരാമാമിടുന്നതും ഈ യാത്രതന്നെ.. നാട്ടുവഴിയിലെ ഓര്‍മ്മകള്‍ പങ്കിടാന്‍ ചിലപ്പോള്‍ ഓപ്പുവും കൂടാറുണ്ട്..

ഗൃഹാതുരത്വം കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന ഒരു ഞായറാഴ്ചയില്‍ കാലത്തെ പത്രവായനയിലാണ് അന്ന് 'ലോക വായനാദിന'മാണെന്ന ബോധ്യമുണ്ടായത്. ഓര്‍ക്കാന്‍ ഒരുപാട്‌ കാര്യങ്ങളാണ്. സന്തോഷത്തോടെയും വേദനയോടെയും.

വായനാശീലം തലക്കുപിടിച്ചു നടക്കുന്ന കാലത്താണ് നാട്ടിലെ പ്രമുഖ വ്യെക്തികളുടെ സഹായത്തോടെ ഒരു വായനശാല തുടങ്ങിയത്. ഞാനായിരുന്നു സെക്രട്ടറി. പുസ്തക ശേഖരണവും ബോധവല്‍ക്കരണക്ലാസുകളും ടൂഷ്യനും കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനായി തുടങ്ങിയ "കുന്നിമണിചെപ്പു"മൊക്കെയായി ഞങ്ങളുടെ കൈത്തിരി ഗ്രാമീണ വായനശാല ചുരുങ്ങിയ കാലം കൊണ്ട് ഒരു പ്രസ്ഥാനമായി വളര്‍ന്നു. ഓരോ പുല്‍ക്കൊടിക്ക് പോലും ആ ഉയര്‍ച്ചയില്‍ പങ്കുണ്ടായിരുന്നു.




അലമാരയില്‍ പുസ്തകങ്ങള്‍ നിറഞ്ഞു. വായനശാല മുറ്റത്തു കുട്ടികളും.

ഒന്നു രണ്ടു വര്‍ഷക്കാലം നിറഞ്ഞു കത്തിയ കൈത്തിരിയുടെ നാളങ്ങള്‍ക്ക് പതിയെ പ്രകാശം കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തക കമ്മറ്റിയില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും വിവിധ കാരണങ്ങളാല്‍ നാട്ടില്‍നിന്നു അകലേണ്ടി വന്നതും വായനശാലയുടെ തുടര്‍പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചു. അധികം താമസിയാതെതന്നെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയായി. എങ്കിലും വായനശാല തുറന്നു, പുസ്തകങ്ങള്‍ അടുക്കി ചിട്ടയാക്കി വെക്കാനും, സൂക്ഷിക്കാനുമെല്ലാം ലൈബ്രറേറിയനായ വേലായുധേട്ടന്‍ ഉണ്ടായിരുന്നു...

കൈയിലെ അയഞ്ഞു കിടക്കുന്ന വാച്ച് നേരെയാക്കി, നരവീണു തുടങ്ങിയ തലമുടി തടവി, വേലായുധേട്ടന്‍ ഒരിക്കലെന്നോട് പറഞ്ഞു:
"പുസ്തകമെടുക്കാന്‍ ഇപ്പൊ ആരും വരാറില്ല... എല്ലാവര്‍ക്കും എന്തുപറ്റി?"

ആകുലത നിറഞ്ഞ ആ ചോദ്യം കേട്ടപ്പോള്‍ മാത്രമല്ല, അതുവഴി കടന്നുപോകുന്ന ഓരോ നിമിഷവും തോന്നുന്നതാണ് ഇരച്ചുകയറുന്ന കുറ്റബോധം.

പ്രായാധിക്യത്താല്‍ ഒരിക്കല്‍ ആ ശബ്ദവും നിലച്ചപ്പോള്‍ അണഞ്ഞത് 'കൈത്തിരി'യിലെ കേടാവിളക്കായിരുന്നു. ആര്‍പ്പുവിളികളും ആരവങ്ങളുമായി കടന്നുപോയ വസന്തകാലത്തിന് ശേഷം, ശരത്കാല മേഘത്തോട്‌ പരിഭവം പറഞ്ഞിരിക്കുന്നൊരു മുത്തച്ഛന്‍ മരത്തെപ്പോലെ താടിക്ക് കൈയും കൊടുത്തു ആളൊഴിഞ്ഞ വായനശാല മുറ്റത്തെ ബഞ്ചിന്മേലിരിക്കുന്ന വേലായുധേട്ടന്റെ ചിത്രം എന്നും മറക്കാത്ത ഒരോര്‍മ്മയായിരുന്നു.

മാറ്റങ്ങളിഷ്ടപ്പെടാത്ത ദിവസങ്ങള്‍  അതിവേഗം പോയിക്കൊണ്ടിരുന്നു. എന്റെ ബിരുദപഠനം അവസാനിച്ചു. ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടി. പിന്നീട് നാട്ടിലേക്കുള്ള വരവ്, ഓണം, വിഷു, ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മാത്രമായി. ശരിക്കുമൊരു വിരുന്നുകാരന്‍.

"കഴുക്കൊലെല്ലാം ചിതലുപിടിച്ചു വീഴാറായി. വെറുതെ നശിപ്പിച്ചു കളയുന്നതെന്തിനാ... വല്ല വാടകക്കും കൊടുക്കാം.." വായനശാലക്കായതുകൊണ്ട് തുച്ഛമായ വാടകയായിരുന്നു കൊടുത്തിരുന്നത്. അതും ഇല്ലെന്നായപ്പോള്‍ ഹൌസ് ഓണര്‍ പറഞ്ഞു.

തുരുമ്പു പിടിച്ച താളുകള്‍ ഒരു തള്ളലിനുവേണ്ടി കാത്തുകിടക്കുകയായിരുന്നു. ചിതലുകളുടെയും എലികളുടെയും സഹവാസമായി മാറിയിരിക്കുന്നു വായനശാല. ഈര്‍പ്പത്തിന്റെ ഗന്ധം പലപ്പോഴും എനിക്ക് അസഹ്യമായിത്തോന്നി. ഒരിക്കല്‍ കളങ്ങളില്‍ നിന്ന് കളങ്ങളിലേക്ക് വിജയതൃഷ്ണയോടെ കുതിച്ച കുതിരകളും ആനകളും തേരുമെല്ലാം അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വലകള്‍പ്പൊട്ടിക്കിടക്കുന്ന ഷട്ടില്‍ ബാറ്റുകളില്‍ എട്ടുകാലികള്‍ അതിഭംഗിയോടെ വലകള്‍ നെയ്തിരിക്കുന്നു.

മാറാല തട്ടിനീക്കി ഞാന്‍ വായനാ മുറിയിലേക്ക് കടന്നു. പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുസ്തകങ്ങളെല്ലാം ചിതലെടുത്തിരിക്കുന്നു.. ബാക്കിയുള്ള ചിലതില്‍ ചിതലുകള്‍ കൂട്ടമായി വായന  തുടരുകയാണ്..

വായിച്ചു കൊതിതീരാത്ത എം.ടി.യുടെ 'നാലുകെട്ടിന്റെ' ചിതല്‍വിഴുങ്ങിയ പുറംചട്ട എന്റെ കാല്‍ക്കല്‍ വീണു ചിതറി. മനസ്സിലൊരു നിലവിളി അലയടിച്ചുയര്‍ന്നു.

തിരിച്ചുവരവ്‌ വളരെ വൈകിപ്പോയിരിക്കുന്നു. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തളര്‍ന്നു നിന്നു. പശ്ചാത്താപം കൊണ്ട് തിരിച്ചെടുക്കാനാവുന്നതായിരുന്നു ഈ അക്ഷരങ്ങളെങ്കില്‍ ഒരായിരം തവണ ഞാനത് തിരിച്ചെടുത്തേനേ...

വായനശാലയ്ക്ക് എന്തുണ്ടായി എന്ന് അറിയാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ അധികമൊന്നും ഇല്ലാതിരുന്നത് കൊണ്ട് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഏറെയൊന്നുമുണ്ടാകാതെ അതൊരു പഴങ്കഥ മാത്രമായി. ഇരിപ്പിടമില്ലാതെ അലഞ്ഞുനടന്നൊരു വിങ്ങല്‍ എപ്പോഴോ എന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു...

നാളുകള്‍ പലതും മറഞ്ഞെങ്കിലും ചില സായാഹ്നങ്ങളില്‍ ഞാനും എന്റെ ഓര്‍മ്മകളും തനിച്ചാകുമ്പോള്‍ മരിച്ചുപോയ ആ താളുകള്‍ എന്നോട് ചോദിക്കാറുണ്ട്...

"എങ്കിലും, ഒരു സമൂഹത്തിന്റെ സ്പന്ദനങ്ങളെ മുഴുവന്‍ അഗ്നിയില്‍ ദഹിപ്പിച്ചതു എന്തിനുവേണ്ടിയായിരുന്നു.. വരാനിരിക്കുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളുടെ നേര്‍വഴിയില്‍ ദിക്കുമാറ്റി വരച്ചത് എന്തിനുവേണ്ടിയായിരുന്നു... എന്തിനുവേണ്ടിയായിരുന്നു..."

ഇന്നും ഉത്തരമില്ല... ഉത്തരമില്ലാത്ത ആയിരമായിരം ചോദ്യങ്ങളുടെ പട്ടികയില്‍ ഞാന്‍ ഇതും അക്കം ചേര്‍ത്ത് തുന്നി.....

"വിച്ചൂ, ബ്രേക്ഫാസ്റ്റ് റെഡി" വേറെ ഏതോ ലോകത്ത് നിന്ന് ഓപ്പുവിന്റെ വിളി..

ഒരു കാലപരിണാമം സംഭവിച്ച ഞെട്ടലോടെ ഞാന്‍ ഓര്‍മ്മയില്‍നിന്നുമെഴുന്നേറ്റു . മഴ ചാറി ചാറി കരുത്തുപ്രാപിച്ചിരിക്കുന്നു. മുന്നില്‍, തിരക്കില്‍ നിന്നു തിരക്കിലേക്കോടുന്ന ജനങ്ങളും ആര്‍ത്തിരമ്പുന്ന വാഹനങ്ങളും ...

"ഇതാ വരുന്നു..." ആ മാറ്റത്തിനുള്ള ചെറിയ നിമിഷം ഞാന്‍ ഓപ്പുവില്‍നിന്നും ചോദിച്ചുവാങ്ങി...

ഓര്‍മ്മകള്‍ക്കൊരു യാത്രാമൊഴി ചൊല്ലി, വീണ്ടും ഞാന്‍ ബാംഗ്ലൂരിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു... ഇനിയും തിരിച്ചുവരാന്‍...

...........................
വിവേക് ചന്ദ്രന്‍

Wednesday, July 20, 2011

തെരവ്..




ഗോലി നിറച്ച ഒരു ചില്ലുകുപ്പി,
തീപ്പെട്ടിപ്പടങ്ങള്‍ ചിതറിക്കിടന്നിരുന്ന
ഇരുണ്ട താഴ്വാരം,
മയില്‍‌പ്പീലിയൊളിപ്പിച്ചു വെച്ച 
പുറംചട്ട കീറിയ ഒരു പുസ്തകം,
കുറെ വളപ്പൊട്ടുകള്‍..

എപ്പോഴോ,
എന്നില്‍നിന്നടര്‍ന്നു വീണവ..

ഉറക്കമുണര്‍ന്നപ്പോള്‍ മാഞ്ഞുപോയ
മധുരസ്വപ്നം,
കൂടുപണിയുംമുന്‍പേ
കൂട്ടില്‍നിന്നറ്റുപോയ പ്രിയ തോഴന്‍,
മരിക്കാമെന്നു പറഞ്ഞപ്പോള്‍
മറക്കാമെന്നു പറഞ്ഞു
തിരിഞ്ഞു നടന്ന കാമുകി,
പിന്നെ,  കുറെ കാല്‍പാടുകള്‍ ..

എപ്പോഴോ,
എന്നില്‍നിന്നകന്നു പോയവ..

വക്കുപൊട്ടിയ ഒരു തൂലികയുണ്ട്‌,
നടുമുറിഞ്ഞുകിടക്കുന്ന
കുറച്ചു വാക്കുകളും..
ഒന്ന് തിരഞ്ഞു നോക്കട്ടെ..