Thursday, February 25, 2016

കളഞ്ഞു പോയത്


ഒരിക്കലൊരു പുഴ കളഞ്ഞുകിട്ടി;
കരഞ്ഞു കരഞ്ഞു രക്തം വറ്റിയ
ഒരു കറുത്ത പുഴ

വേരുകളന്വേഷിച്ചു
നടന്നപ്പോൾ
ചിറകുകൾ ചിതലുപിടിച്ചൊരു
ആകാശം കളഞ്ഞുകിട്ടി

ആകാശത്തിനുള്ളിൽ,
തൊണ്ട വരണ്ടു മരിച്ച
ഒരു കുമ്പിൾ
മഴമേഘങ്ങളെ കിട്ടി

മേഘങ്ങൾ  മുറുക്കെപ്പിടിച്ചിരുന്ന
വെയിലേറ്റു വാടിയ
തണൽ മരങ്ങൾ കിട്ടി

തണൽ മരങ്ങൾ പ്രസവിച്ച
ചാപിള്ളയായ
കുറേ കാറ്റുകുഞ്ഞുങ്ങളെ
കളഞ്ഞുകിട്ടി...

പെറുക്കിയെടുത്ത
തിരിച്ചറിവുകളുടെ
കത്തുന്ന സ്മൃതികളെങ്കിലും
കാത്തുവെയ്ക്കാൻ
പിന്നെയും കുറേ നടന്നെങ്കിലും
എത്ര തിരഞ്ഞിട്ടും
കളഞ്ഞുപോയ
സ്വന്തം വീടുമാത്രം
കണ്ടുകിട്ടിയില്ല...

Wednesday, April 24, 2013

തൃശ്ശൂ പൂരം

മറുനടാൻ മലയാളികൾക്ക് പൂരം എന്നും ഗൃഹാതുരത്വത്തിന്റെ സന്ദേശ വാഹകരാണ്. മറ്റേതു ആഘോഷങ്ങളെക്കാളും നാട്ടിലേക്കുള്ള വരവ് മിക്കപ്പോഴും തട്ടകങ്ങളിലെ പൂരം ആസ്പധമാക്കിയായിരിക്കും. താള-വാദ്യങ്ങളും ഗജവീരന്മാരും വർണ്ണക്കാഴ്ച്ചകളും വെടിക്കെട്ടും തിക്കും തിരക്കും എല്ലാം എത്രമാത്രം മനസ്സിനെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞറിയിക്കുക അസാധ്യം... പിന്നെങ്ങനെ പൂരദിവസം മനസ്സിനെ ഓഫീസിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിടാനാകും...

ഒളിക്യാമറ

ടെക്നോളജി വികസനത്തിന്റെ മറവിൽ പതിയിരിക്കുന്ന സുരക്ഷിതത്വമില്ലായ്മ വളരെയധികം ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു... "സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്നു മാറ്റി "ഭാഗ്യമുണ്ടെങ്ങിൽ ദു:ഖിക്കേണ്ട" എന്നതിലേക്കുള്ള കൂപ്പുകുത്തൽ ശ്രദ്ധയിൽ പെടേണ്ടാതാണ് എന്നതാണ് ഈ കവിതയ്ക്കുള്ള പ്രേരണ.

പരാജിതൻ

പരാജിതന്റെ പാഥേയത്തിലെ നനവുള്ള ഓർമ്മകളാണ് നഷ്ടങ്ങൾ; ജയിക്കാനുള്ള ചൂട്ടും...


രാവണൻ


രാവണൻ രാമനായവതരിക്കുന്ന ഈ ലോകത്ത് ഇങ്ങനെയും ചിന്തിക്കേണ്ടിയിരിക്കുന്നു...

ഫെയ്സ്ബുക്ക്‌

സൌഹൃദം എന്നാ വാക്കിനു ജീവനോളമോ അതിനെക്കാലേറെയോ അർത്ഥം  കല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അല്ലെങ്കിൽ ഇപ്പോഴും മരിക്കാതെ അത് മനസ്സിലുണ്ട്... എന്നാൽ ചില നേരമ്പോക്കുകൾ ഒപ്പം നടന്നു, ഉയരങ്ങളിലേക്ക് വലിച്ചുകയറ്റി, പരസ്പരം മനസ്സിലാക്കാനാവാതെ താഴ്ച്ചകളിലേക്ക് ചാടാൻ പ്രേരിപ്പിക്കുന്നു... സൌഹൃദം നാഗരികവത്കരണത്തിന് വിട്ടുകൊടുക്കാൻ തല്ക്കാലം വയ്യ... 



വിഷു


ജീവിക്കാൻ പാടുപെടുന്നതിനിടക്ക് സന്തോഷിക്കാൻ മറക്കുന്ന ലോകം ഒരുനാൾ 'വിഷു'വും മറക്കില്ലെന്നാര് കണ്ടു... ഓണത്തിനും വിഷുവിമെല്ലാം ഉണ്ടായിരുന്ന പണ്ടത്തെ ആ നന്മയും ഒത്തുകൂടലുമെല്ലാം വീണ്ടെടുക്കാനാവുമോ ഇനി... 

ഇരട്ടകൾ

തിരിച്ചെടുക്കാനാവാത്തവിധം ഹൃദയമവളിലൊട്ടിയപ്പൊൾ,
ഒരു സുഹൃത്തിന്റെ പരിവേഷമാണവൾ എന്നിൽ കണ്ടതെന്ന്... 
അല്ലെങ്കിൽ അങ്ങനെ പറഞ്ഞു, അവൾ നടന്നു...


Thursday, June 28, 2012

ഇത്തിരി എന്നെക്കുറിച്ച്..

എനിക്ക് തോന്നാറുണ്ട്...
"നിനക്ക് ഡയറി എഴുതിതുടങ്ങിക്കൂടെ ഡാ" എന്ന് എന്റെ പ്രിയപ്പെട്ട ചേച്ചി ഉപദേശിക്കും വരെ ഞാന്‍ ഒന്നുമല്ലായിരുന്നെന്ന്...

അതിനുശേഷം ഞാന്‍ എന്തൊക്കെയോ ആയി എന്നൊന്നുമല്ല, പക്ഷെ, ജീവിതത്തിലെ വിലപ്പെട്ട രേഖപ്പെടുത്തലുകള്‍ താളുകളില്‍ തങ്ങി നില്‍ക്കുന്നത് എന്നെ വല്ലാതെ രസിപ്പിച്ചു... എഴുതിവെച്ച അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു, മിനുക്കുകൂട്ടിവയ്ക്കുമ്പോള്‍ ഭാഷാശൈലിയിലെ പരിണാമം എനിക്ക് ആത്മവിശ്വാസമേകി.


പറഞ്ഞറിയിക്കാന്‍ എനിക്കും, പറഞ്ഞുകഴിഞ്ഞവയിലെ വികാരം മനസ്സിലാക്കാന്‍ സ്രോതാവിനുമാകാതിരിക്കുമ്പോള്‍, മൂകമായ രാത്രികളില്‍ കരഞ്ഞും, ആഘോഷങ്ങളില്‍ സന്തോഷിച്ചും, പ്രതിഷേധങ്ങളില്‍ ആക്രോശിച്ചും, വാക്കുകളുടെ നിഴല്‍ എന്നെ പിന്തുടര്‍ന്നു. ഏകാന്തതകളില്‍ കാമുകിയും, ഓര്‍മ്മകള്‍ സൗഹൃദങ്ങളിലേക്കു ചേക്കേറുമ്പോള്‍ കൈകോര്‍ത്തുപിടിക്കാന്‍ നല്ലൊരു സുഹൃത്തുമായിരുന്നു രചന.... എഴുതാന്‍ വേണ്ടി മാത്രം ഉറക്കമുളച്ചിരുന്ന നാളുകള്‍....


കലാലയജീവിതം സ്വര്‍ഗ്ഗതുല്ല്യമായിരുന്നു... സൗഹൃദത്തില്‍ മുങ്ങി നിവരുമ്പോള്‍ വിടപറയലിന്റെ അധ്യായങ്ങളില്‍ സ്വര്‍ണ്ണലിപിയില്‍ രണ്ടുവരിയും ഒരു കയ്യൊപ്പും.... ഈ ഒരു ജീവിതം മതിയാകുമായിരിക്കില്ല അതിന്റെ മധുരം നുകരാന്‍....


ജീവിതം സൗഹൃദത്തിലൊതുങ്ങുന്നില്ലല്ലോ...

"ഗ്രാഫിക് ഡിസൈനിംഗ്" എന്ന കലയുടെ ചിറകിലേറി ബാംഗ്ലൂരിന്റെ തിരക്കിലേക്ക്... ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കുമെല്ലാം തീവേഗം കൈവരുമ്പോള്‍ പലപ്പോഴും ഒരപരിചിതനെപ്പോലെ ജീവിതത്തിലേക്ക് നോക്കിയിരിക്കുക പതിവായിരുന്നു. സ്വപ്‌നങ്ങള്‍ ഇരുട്ടിന്റെ വല്‍ക്കലംനീക്കി പുറത്തുവരാത്ത അവസ്ഥ. താളുകള്‍ വാക്കുകളില്ലാതെ ചിതലരിക്കുന്നു...

കണ്ടും കേട്ടും അറിഞ്ഞുമെല്ലാം പഠിച്ച പുതിയ ജീവിതം.

നാളേറെയെടുത്തു ബാംഗ്ലൂരുമായി പൊരുത്തപെടാന്‍...

എങ്കിലും,
ഇന്നീ തിരക്കില്‍, ഈ ഏകാന്തതയുടെ തീരങ്ങളിലിരുന്നു ഇന്നലെകളിലേക്ക് കണ്ണോടിക്കുമ്പോള്‍, ഇത്തിരി എഴുത്തും, ഒത്തിരി സ്വപ്നങ്ങളുമായി ഞാന്‍ തികച്ചും സന്തോഷവാനാണ്. അതിരുകളില്ലാത്ത സ്വപ്നങ്ങളിലേക്ക് ആഗ്രഹങ്ങളെ അക്കമിട്ടുചേര്‍ത്തു അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളുടെ കാലടിപാതകള്‍ക്ക് മീതെ മീതെ ചുവടുകള്‍ വെച്ച് സുഖകരമായ ഒരു നടത്തം, ഒപ്പം നിങ്ങളും... അതാണെന്റെ ജീവിതം...









......................................... 

Thursday, May 3, 2012

Monday, April 30, 2012

Non-malayalee's "Pooram"


പ്രവാസിയുടെ പൂരം

സ്വപ്നങ്ങളില്‍ പൂരം കാണുന്നവരുണ്ട്,
ഓര്‍മ്മകളിലെ പൂരനാളുകളെ തേച്ചും മിനുക്കിയും
പൂരമൈതാനി മനസ്സില്‍ തീര്‍ക്കുന്നവര്‍ ....

"ഇപ്പൊ ഇലഞ്ഞിത്തറ മേളം തുടങ്ങിയിട്ടുണ്ടാകും,
തെക്കോട്ടിറക്കം കഴിഞ്ഞോ എന്തോ..,
കുടമാറ്റത്തിനു മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു.." 
ന്നൊക്കെ,  ജോലിത്തിരക്കിനിടയിലും
ഓര്‍ത്തിരിക്കുമ്പോള്‍

മനസ്സ്, ആരോടും പറയാതെ,
നില്‍ക്കാനൊരിടംതേടി പൂരപ്പറമ്പില്‍
അലഞ്ഞുകൊണ്ടിരിക്കയാവും...


Monday, February 13, 2012

പ്രണയദിനാശംസകള്‍

ഒരു പ്രണയദിനത്തില്‍
എന്റെ ഹൃദയം  പിഴിഞ്ഞെടുത്ത
ഒരായിരം ചുകന്ന റോസാപൂക്കള്‍
വിറകൊള്ളുന്ന നിന്റെ കൈക്കുമ്പിളില്‍ ഞാനര്‍പ്പിച്ചത്
നീയോര്‍ക്കുന്നുവോ..?

സന്ധ്യയില്‍
നിന്റെ നഖക്ഷതത്തില്‍ നിന്നൂര്‍ന്നിറങ്ങിയ
എന്റെ രക്തത്തില്‍
നീ നിന്റെ പ്രണയത്തെ ഒളിപ്പിക്കുകയായിരുന്നു,
ഞാന്‍പോലുമറിയാതെ.

പിന്നീടൊരു വേനല്‍ക്കാലരാത്രിയില്‍
പുതപ്പിനടിയില്‍
നിന്റെ വിയര്‍പ്പിനടിയില്‍ ഞെരിഞ്ഞമര്‍ന്ന
ആ ഇതളുകളുടെ വാടിയ ഗന്ധം
നിലനില്‍ക്കുന്നിടത്തോളം പ്രിയേ
നിന്നെ മറക്കുന്നതെങ്ങനെ...
എന്റെ പ്രണയത്തെ മറക്കുന്നതെങ്ങനെ...

പ്രണയദിനാശംസകള്‍ 

പ്രണയദിനാശംസകള്‍


നിന്റെ ആയിരം പിണക്കങ്ങള്‍ക്കിടയില്‍
ഞാനൊന്ന് പിണങ്ങിയപ്പോഴാണ്
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്
ഞാനറിഞ്ഞത്...
പിന്നെ ഞാന്‍ പിണങ്ങിയിട്ടില്ല;
നീ ഇണങ്ങിയിട്ടും...

Wednesday, February 1, 2012

ഞാനും മനസ്സും


ഞാനാകെ മാറിയിരിക്കുന്നു...
എന്റെ ചിന്തകള്‍ മാറിയിരിക്കുന്നു...
എന്റെ ശരീരം മാറിയിരിക്കുന്നു... 
എന്റെ നടവഴിയില്‍ പൂത്തുനിന്നിരുന്ന
പൂക്കളും ഇലകളും മാറിയിരിക്കുന്നു... 
ഋതു പോലും....

എന്റെ അരയന്ന തടാകത്തില്‍
ഇന്ന് അരയന്നങ്ങളോ, താമരയിതളുകളോ ഇല്ല...
ഓലത്തുമ്പിലെ ഇരുട്ടില്‍ മറഞ്ഞ
വെള്ളിനിലാവ്,
ഓരോര്‍മ്മ പുതുക്കലിനുപോലും,    
പിന്നീട് തടാകത്തില്‍ വന്നെത്തിനോക്കിയിട്ടില്ല..
തടാകം ഓളങ്ങളില്ലാതെ ശാന്തം...

ഓര്‍മ്മകളില്‍ തല ചായ്ക്കാനാകാതെ,
ഉറങ്ങാനാകാതെയിരുന്ന നിശീഥിനിയില്‍
ശ്വാസനാളങ്ങളില്‍ക്കൂടി നീ
ആരില്‍ നിന്നോ കുതറിയോടുന്നത്  ഞാനറിഞ്ഞിരുന്നു..
പ്രതിഷേധിച്ചില്ല.
ഓര്‍മ്മകളെ പേടിച്ചു, മറവിയില്‍
ഒളിച്ചിരുന്നു.
ഓര്‍മ്മകള്‍ സ്വപ്നങ്ങളെ പ്രസവിക്കുമത്രേ...

ഒരുറക്കത്തിലൊന്നുമായിരുന്നില്ല,
മനസ്സെന്റെ പിടിവിട്ടു പോകുമ്പോള്‍...
"നീരു തന്നീല.. പാലു  തന്നീല" എന്ന് പുലമ്പുന്നത് കേട്ടു...
ന്റെ നീരുണക്കി
ദിവസങ്ങില്‍ മുങ്ങുകയായിരുന്നു ഞാന്‍...
രക്തമെത്രവേണേലും തന്നേനേ..

ആദ്യമൊക്കെ അന്വേഷിച്ചു,
പുസ്തകതാളുകളിലും
ഇലഞ്ഞിമരച്ചോട്ടിലും
മഴവീണ ഇത്തുമെല്ലാം..
വരണ്ട ഹൃദയത്തിനോരത്തു 
പിണങ്ങിപ്പോയ ഓര്‍മ്മകള്‍ക്ക്
വെള്ളമിറ്റിച്ച്
നീ എന്നെയും കാത്തിരിക്കുകയായിരുന്നുവെന്ന്
ഇതെഴുതുംവരെ
എന്തേ ഞാനറിഞ്ഞീല്ല...















* തിരക്കിട്ട ജീവിതത്തില്‍, ദിവസങ്ങളില്‍ നിന്ന് ദിവസങ്ങളിലേക്കുള്ള യാത്രയില്‍ നാം മനപൂര്‍വ്വം മറക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.. ഒന്നാലോചിച്ചാല്‍ നമുക്ക് നഷ്ടപ്പെടുന്നതില്‍ ഏറ്റവും വലുത് നമ്മുടെ മനസ്സുതന്നെയല്ലേ...??

Friday, December 16, 2011

ഇരട്ടകള്‍



രണ്ടു ഉദരങ്ങളില്‍
രണ്ടു  ദിവസങ്ങളില്‍
രണ്ടു നക്ഷത്രങ്ങളില്‍
രണ്ടു ശരീരവും, രണ്ടു മനസ്സുമായിപ്പിറന്ന
ഇരട്ടകളായിരുന്നു നമ്മള്‍
എന്നു മനസ്സിലാക്കുവാന്‍
നീ മുഖം താഴ്ത്തി, തിരിഞ്ഞുനടന്ന
ആ നിമിഷം വേണ്ടി വന്നു..

....................................................................................



Saturday, November 12, 2011

മറുനാട്ടിലെ ഓണം


മറവിയുടെ അഴുക്കുചാലുകളില്‍
ഒരു നേര്‍ത്ത ചിലമ്പൊലി നാദത്തോടെ
മുദ്രമോതിരത്തിന്റെ ആജ്ഞാനുവര്‍ത്തിയായി
ചിലപ്പോള്‍..


ഓര്‍മ്മകളുടെ പരിലാളനങ്ങള്‍ക്കു
കരവലയപ്പെടുന്നതിനിപ്പുറം
സ്വപ്‌നങ്ങള്‍ നിദ്രയുടെ
അതിര്‍വരമ്പുകള്‍ പിന്നിടുമ്പോള്‍...


അത്തം പിറന്നന്നു, മുറ്റത്തു
-അല്ല, ഇടുങ്ങിയ ഇരുളടഞ്ഞ
വരാന്തയില്‍-
നൂലടര്‍ന്ന ചളിപുരണ്ട ചവുട്ടിയില്‍
പൂക്കളവര്‍ണ്ണങ്ങളില്‍ ഒളിച്ചിരുന്ന്
പിന്നെയും..


ഓണമെന്നെ വിളിച്ചുകൊണ്ടേയിരുന്നു..


ഒടുവില്‍
തിരുവോണനാളില്‍
തുമ്പപ്പൂവും മുക്കുറ്റിയും
തിരഞ്ഞു തിരഞ്ഞു
ഇത്തിരി പിറകോട്ടു നടന്നു...
മനക്കലെ കുന്നിലെ മുളങ്കാടുകളും കടന്ന്..


ഓണക്കോടി തുളവീണ്
തടത്തുണിയായി നാലോണമുണ്ടു..
ഉച്ചയുടെ സൈറന്‍,
ഉദരത്തിലെ മുനിസിപ്പാലിറ്റി ഓഫീസിന്റെ
മച്ചില്‍ നിന്ന്...


തൂശനിലയും തുമ്പപ്പൂച്ചോറും
പത്തുതരം കറികളും
പപ്പടവും പായസവുമൊക്കെയായി
അവന്‍ വരുന്നുണ്ട്,
വിശപ്പെന്ന ആര്‍ത്തിപണ്ടാരം..
രണ്ടുദിവസം മുന്‍പ് വെച്ച
മീന്‍കറിയില്‍
എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല,


ഓണസദ്യക്ക്‌..





Saturday, July 23, 2011

നൊസ്റ്റാള്‍ജിയ

ഇരുട്ടു വീണുതുടങ്ങിയ ബാംഗ്ലൂരിലെ  ഒരു  സന്ധ്യയില്‍, ഓപ്പുവിന്റെ (ഓപ്പോള്‍) ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലിരുന്നു, മാറ്റമില്ലാതെയൊഴുകുന്ന ബാംഗ്ലൂരിന്റെ തിരക്കില്‍ പെട്ട് ശ്വാസം മുട്ടുന്ന ഇന്നലെകളെ തിരയുകയായിരുന്നു ഞാന്‍.

കൂടണയാന്‍ തിടുക്കം കൂട്ടി ഒരുകൂട്ടം വാലാട്ടിക്കിളികള്‍ കലപില ശബ്ദത്തോടെ കടന്നുപോയി. അലക്ഷ്യമായെത്തിയ ചാറ്റല്‍മഴയില്‍, ഒരു യാത്രയയപ്പിനെന്നപോലെ കാത്തുകിടന്ന ചെമ്പരത്തിപ്പൂ ഞെട്ടുവിട്ടു താഴേക്കു കുതിച്ചു. ഇലക്ട്രിക് വയറിലൂടെ മനസ്സിലൊരു തീനാളം കോരിയിട്ടു രണ്ടു അണ്ണാറക്കണ്ണന്മാര്‍ അപ്പുറത്തെ ഫ്ലാറ്റിലേക്ക് ചാടി, ഇരുട്ടിലേക്ക് മറഞ്ഞു. സന്ധ്യയുടെ ചുവപ്പിലേക്ക് നിശീഥിനി കണ്മഷിചെപ്പു തുറന്നു.  തണുപ്പുചേര്‍ത്തു തുന്നിയ കമ്പിളിക്കുപ്പായം പോലെ, വഴിതെറ്റി വന്നൊരു വൃശ്ചികകാറ്റ് എന്റെ മിഴികളെ കുളിരണിയിച്ചു.

മനസ്സിന്റെ ആലയില്‍ വെന്തുരുകാന്‍ പാകമായ ചെമ്പിന്‍ തകിട് കാത്തു വെക്കുമ്പോഴെല്ലാം ആ നില്പ് എനിക്ക് പതിവുള്ളതായിരുന്നു. വന്നവഴിയെ ഒരു തിരിച്ചുപോക്ക്. നാടിന്റെ നൊമ്പരമുണര്‍ത്തുന്ന ആ യാത്രക്കിരുവശവും ഓര്‍മ്മകള്‍ ഒരു പരദേശിയെപ്പോലെ എന്നെ വരവേല്‍ക്കാറുണ്ടായിരുന്നു. അതായിരുന്നു എന്റെ നൊമ്പരവും.

ഓര്‍മ്മകള്‍ നെഞ്ചില്‍ക്കിടന്നു പിടഞ്ഞു അസഹ്യമാംവിധം പുറത്തേക്കു തള്ളുമ്പോഴാണ് ഇല്ലാത്ത നുണകള്‍ പറഞ്ഞു ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറുന്നത്. ഓട്ടോ വിളിച്ചു പോകാനുള്ള വഴിയുണ്ടായിട്ടും, യാത്രാക്ഷീണത്തെയും ഉറക്കത്തേയും വെല്ലുവിളിച്ചു പാടവരമ്പിലൂടെയും വളച്ചു കെട്ടിയ മുള്ളുവേലികള്‍ക്ക് നടുവിലൂടെയുമെല്ലാം നടന്നു വീട്ടിലേക്കു പോകാറുള്ളത് ആ ഒരു നൊസ്റ്റാള്‍ജിയ കൊണ്ട് തന്നെയായിരുന്നു.. വഴിയില്‍ കാണുന്ന ഓരോ മുഖത്തോടും "ഞാനിതാ തിരിച്ചു വന്നിരിക്കുന്നു" എന്ന് ഉറക്കെപ്പറയാന്‍ തോന്നും.. കണ്ടമാത്രയില്‍ അലക്കിത്തേച്ചൊരു ചിരിയോടെ "ഇനിയെന്നാ തിരിച്ചുപോകുന്നത്", എന്നുള്ള പലരുടെയും ആലങ്കാരികമായ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിങ്ങുന്ന മനസ്സിന് പലപ്പോഴും ചിരിക്കാനറിയുമായിരുന്നില്ല...

ബാംഗ്ലൂരിലെ ഞായറാഴ്ചകള്‍ ശരിക്കും വിശ്രമദിനങ്ങളായിരുന്നു. ഉച്ചഭക്ഷണം മിക്കവാറും ദിവസങ്ങളില്‍ ഓപ്പുവിന്റെ വീട്ടില്‍നിന്നാകും. ഹോം സിക്ക്നസ്സിനു ഒരു പരിധിവരെ വിരാമാമിടുന്നതും ഈ യാത്രതന്നെ.. നാട്ടുവഴിയിലെ ഓര്‍മ്മകള്‍ പങ്കിടാന്‍ ചിലപ്പോള്‍ ഓപ്പുവും കൂടാറുണ്ട്..

ഗൃഹാതുരത്വം കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന ഒരു ഞായറാഴ്ചയില്‍ കാലത്തെ പത്രവായനയിലാണ് അന്ന് 'ലോക വായനാദിന'മാണെന്ന ബോധ്യമുണ്ടായത്. ഓര്‍ക്കാന്‍ ഒരുപാട്‌ കാര്യങ്ങളാണ്. സന്തോഷത്തോടെയും വേദനയോടെയും.

വായനാശീലം തലക്കുപിടിച്ചു നടക്കുന്ന കാലത്താണ് നാട്ടിലെ പ്രമുഖ വ്യെക്തികളുടെ സഹായത്തോടെ ഒരു വായനശാല തുടങ്ങിയത്. ഞാനായിരുന്നു സെക്രട്ടറി. പുസ്തക ശേഖരണവും ബോധവല്‍ക്കരണക്ലാസുകളും ടൂഷ്യനും കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കാനായി തുടങ്ങിയ "കുന്നിമണിചെപ്പു"മൊക്കെയായി ഞങ്ങളുടെ കൈത്തിരി ഗ്രാമീണ വായനശാല ചുരുങ്ങിയ കാലം കൊണ്ട് ഒരു പ്രസ്ഥാനമായി വളര്‍ന്നു. ഓരോ പുല്‍ക്കൊടിക്ക് പോലും ആ ഉയര്‍ച്ചയില്‍ പങ്കുണ്ടായിരുന്നു.




അലമാരയില്‍ പുസ്തകങ്ങള്‍ നിറഞ്ഞു. വായനശാല മുറ്റത്തു കുട്ടികളും.

ഒന്നു രണ്ടു വര്‍ഷക്കാലം നിറഞ്ഞു കത്തിയ കൈത്തിരിയുടെ നാളങ്ങള്‍ക്ക് പതിയെ പ്രകാശം കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തക കമ്മറ്റിയില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും വിവിധ കാരണങ്ങളാല്‍ നാട്ടില്‍നിന്നു അകലേണ്ടി വന്നതും വായനശാലയുടെ തുടര്‍പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചു. അധികം താമസിയാതെതന്നെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയായി. എങ്കിലും വായനശാല തുറന്നു, പുസ്തകങ്ങള്‍ അടുക്കി ചിട്ടയാക്കി വെക്കാനും, സൂക്ഷിക്കാനുമെല്ലാം ലൈബ്രറേറിയനായ വേലായുധേട്ടന്‍ ഉണ്ടായിരുന്നു...

കൈയിലെ അയഞ്ഞു കിടക്കുന്ന വാച്ച് നേരെയാക്കി, നരവീണു തുടങ്ങിയ തലമുടി തടവി, വേലായുധേട്ടന്‍ ഒരിക്കലെന്നോട് പറഞ്ഞു:
"പുസ്തകമെടുക്കാന്‍ ഇപ്പൊ ആരും വരാറില്ല... എല്ലാവര്‍ക്കും എന്തുപറ്റി?"

ആകുലത നിറഞ്ഞ ആ ചോദ്യം കേട്ടപ്പോള്‍ മാത്രമല്ല, അതുവഴി കടന്നുപോകുന്ന ഓരോ നിമിഷവും തോന്നുന്നതാണ് ഇരച്ചുകയറുന്ന കുറ്റബോധം.

പ്രായാധിക്യത്താല്‍ ഒരിക്കല്‍ ആ ശബ്ദവും നിലച്ചപ്പോള്‍ അണഞ്ഞത് 'കൈത്തിരി'യിലെ കേടാവിളക്കായിരുന്നു. ആര്‍പ്പുവിളികളും ആരവങ്ങളുമായി കടന്നുപോയ വസന്തകാലത്തിന് ശേഷം, ശരത്കാല മേഘത്തോട്‌ പരിഭവം പറഞ്ഞിരിക്കുന്നൊരു മുത്തച്ഛന്‍ മരത്തെപ്പോലെ താടിക്ക് കൈയും കൊടുത്തു ആളൊഴിഞ്ഞ വായനശാല മുറ്റത്തെ ബഞ്ചിന്മേലിരിക്കുന്ന വേലായുധേട്ടന്റെ ചിത്രം എന്നും മറക്കാത്ത ഒരോര്‍മ്മയായിരുന്നു.

മാറ്റങ്ങളിഷ്ടപ്പെടാത്ത ദിവസങ്ങള്‍  അതിവേഗം പോയിക്കൊണ്ടിരുന്നു. എന്റെ ബിരുദപഠനം അവസാനിച്ചു. ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടി. പിന്നീട് നാട്ടിലേക്കുള്ള വരവ്, ഓണം, വിഷു, ഉത്സവം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മാത്രമായി. ശരിക്കുമൊരു വിരുന്നുകാരന്‍.

"കഴുക്കൊലെല്ലാം ചിതലുപിടിച്ചു വീഴാറായി. വെറുതെ നശിപ്പിച്ചു കളയുന്നതെന്തിനാ... വല്ല വാടകക്കും കൊടുക്കാം.." വായനശാലക്കായതുകൊണ്ട് തുച്ഛമായ വാടകയായിരുന്നു കൊടുത്തിരുന്നത്. അതും ഇല്ലെന്നായപ്പോള്‍ ഹൌസ് ഓണര്‍ പറഞ്ഞു.

തുരുമ്പു പിടിച്ച താളുകള്‍ ഒരു തള്ളലിനുവേണ്ടി കാത്തുകിടക്കുകയായിരുന്നു. ചിതലുകളുടെയും എലികളുടെയും സഹവാസമായി മാറിയിരിക്കുന്നു വായനശാല. ഈര്‍പ്പത്തിന്റെ ഗന്ധം പലപ്പോഴും എനിക്ക് അസഹ്യമായിത്തോന്നി. ഒരിക്കല്‍ കളങ്ങളില്‍ നിന്ന് കളങ്ങളിലേക്ക് വിജയതൃഷ്ണയോടെ കുതിച്ച കുതിരകളും ആനകളും തേരുമെല്ലാം അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വലകള്‍പ്പൊട്ടിക്കിടക്കുന്ന ഷട്ടില്‍ ബാറ്റുകളില്‍ എട്ടുകാലികള്‍ അതിഭംഗിയോടെ വലകള്‍ നെയ്തിരിക്കുന്നു.

മാറാല തട്ടിനീക്കി ഞാന്‍ വായനാ മുറിയിലേക്ക് കടന്നു. പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുസ്തകങ്ങളെല്ലാം ചിതലെടുത്തിരിക്കുന്നു.. ബാക്കിയുള്ള ചിലതില്‍ ചിതലുകള്‍ കൂട്ടമായി വായന  തുടരുകയാണ്..

വായിച്ചു കൊതിതീരാത്ത എം.ടി.യുടെ 'നാലുകെട്ടിന്റെ' ചിതല്‍വിഴുങ്ങിയ പുറംചട്ട എന്റെ കാല്‍ക്കല്‍ വീണു ചിതറി. മനസ്സിലൊരു നിലവിളി അലയടിച്ചുയര്‍ന്നു.

തിരിച്ചുവരവ്‌ വളരെ വൈകിപ്പോയിരിക്കുന്നു. ഒരു നിമിഷത്തേക്ക് എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തളര്‍ന്നു നിന്നു. പശ്ചാത്താപം കൊണ്ട് തിരിച്ചെടുക്കാനാവുന്നതായിരുന്നു ഈ അക്ഷരങ്ങളെങ്കില്‍ ഒരായിരം തവണ ഞാനത് തിരിച്ചെടുത്തേനേ...

വായനശാലയ്ക്ക് എന്തുണ്ടായി എന്ന് അറിയാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ അധികമൊന്നും ഇല്ലാതിരുന്നത് കൊണ്ട് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഏറെയൊന്നുമുണ്ടാകാതെ അതൊരു പഴങ്കഥ മാത്രമായി. ഇരിപ്പിടമില്ലാതെ അലഞ്ഞുനടന്നൊരു വിങ്ങല്‍ എപ്പോഴോ എന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചിരുന്നു...

നാളുകള്‍ പലതും മറഞ്ഞെങ്കിലും ചില സായാഹ്നങ്ങളില്‍ ഞാനും എന്റെ ഓര്‍മ്മകളും തനിച്ചാകുമ്പോള്‍ മരിച്ചുപോയ ആ താളുകള്‍ എന്നോട് ചോദിക്കാറുണ്ട്...

"എങ്കിലും, ഒരു സമൂഹത്തിന്റെ സ്പന്ദനങ്ങളെ മുഴുവന്‍ അഗ്നിയില്‍ ദഹിപ്പിച്ചതു എന്തിനുവേണ്ടിയായിരുന്നു.. വരാനിരിക്കുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളുടെ നേര്‍വഴിയില്‍ ദിക്കുമാറ്റി വരച്ചത് എന്തിനുവേണ്ടിയായിരുന്നു... എന്തിനുവേണ്ടിയായിരുന്നു..."

ഇന്നും ഉത്തരമില്ല... ഉത്തരമില്ലാത്ത ആയിരമായിരം ചോദ്യങ്ങളുടെ പട്ടികയില്‍ ഞാന്‍ ഇതും അക്കം ചേര്‍ത്ത് തുന്നി.....

"വിച്ചൂ, ബ്രേക്ഫാസ്റ്റ് റെഡി" വേറെ ഏതോ ലോകത്ത് നിന്ന് ഓപ്പുവിന്റെ വിളി..

ഒരു കാലപരിണാമം സംഭവിച്ച ഞെട്ടലോടെ ഞാന്‍ ഓര്‍മ്മയില്‍നിന്നുമെഴുന്നേറ്റു . മഴ ചാറി ചാറി കരുത്തുപ്രാപിച്ചിരിക്കുന്നു. മുന്നില്‍, തിരക്കില്‍ നിന്നു തിരക്കിലേക്കോടുന്ന ജനങ്ങളും ആര്‍ത്തിരമ്പുന്ന വാഹനങ്ങളും ...

"ഇതാ വരുന്നു..." ആ മാറ്റത്തിനുള്ള ചെറിയ നിമിഷം ഞാന്‍ ഓപ്പുവില്‍നിന്നും ചോദിച്ചുവാങ്ങി...

ഓര്‍മ്മകള്‍ക്കൊരു യാത്രാമൊഴി ചൊല്ലി, വീണ്ടും ഞാന്‍ ബാംഗ്ലൂരിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു... ഇനിയും തിരിച്ചുവരാന്‍...

...........................
വിവേക് ചന്ദ്രന്‍

Wednesday, July 20, 2011

തെരവ്..




ഗോലി നിറച്ച ഒരു ചില്ലുകുപ്പി,
തീപ്പെട്ടിപ്പടങ്ങള്‍ ചിതറിക്കിടന്നിരുന്ന
ഇരുണ്ട താഴ്വാരം,
മയില്‍‌പ്പീലിയൊളിപ്പിച്ചു വെച്ച 
പുറംചട്ട കീറിയ ഒരു പുസ്തകം,
കുറെ വളപ്പൊട്ടുകള്‍..

എപ്പോഴോ,
എന്നില്‍നിന്നടര്‍ന്നു വീണവ..

ഉറക്കമുണര്‍ന്നപ്പോള്‍ മാഞ്ഞുപോയ
മധുരസ്വപ്നം,
കൂടുപണിയുംമുന്‍പേ
കൂട്ടില്‍നിന്നറ്റുപോയ പ്രിയ തോഴന്‍,
മരിക്കാമെന്നു പറഞ്ഞപ്പോള്‍
മറക്കാമെന്നു പറഞ്ഞു
തിരിഞ്ഞു നടന്ന കാമുകി,
പിന്നെ,  കുറെ കാല്‍പാടുകള്‍ ..

എപ്പോഴോ,
എന്നില്‍നിന്നകന്നു പോയവ..

വക്കുപൊട്ടിയ ഒരു തൂലികയുണ്ട്‌,
നടുമുറിഞ്ഞുകിടക്കുന്ന
കുറച്ചു വാക്കുകളും..
ഒന്ന് തിരഞ്ഞു നോക്കട്ടെ..

Sunday, June 26, 2011

പ്രണയത്തിനോട്...




ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ.. 
തിരയട്ടെ.. എന്റെ പൊയ് പോയ കാലം...
എന്റെ അക്ഷരങ്ങള്‍..
എന്റെ സമ്പാദ്യം..
നേര്‍ത്ത ചിലമ്പൊച്ചകള്‍ക്കുള്ളില്‍ നിന്നും അടരുന്ന
മങ്ങിയ കാലൊച്ചകള്‍..
ധ്വനി..
വിട്ടുമാറാതെ, ഹൃദയത്തിന്റെ അഴുക്കുചാലുകള്‍ക്കു
വഴുക്കലായി.. വളര്‍ന്നു... വറ്റി.. ഒഴുകി...

മ്രിതത്വതിലാണ്...
അറിയാം.. ചിലപ്പോഴൊക്കെ ഇരുട്ടിലേക്ക് തലകയറ്റി
ഓര്‍മ്മകളെ പേടിച്ചു, ഒളിച്ചിരുന്നു...
തിരിച്ചുപോയോ എന്ന് പേടിയുടെ വല്‍ക്കലം നീക്കി
കണ്ണുകള്‍ മാത്രം പുറത്തെറിഞ്ഞു.
ഉറങ്ങാതെയിരുന്നപ്പോള്‍ ഇത്തിരിയെഴുതി,
അധികവും നാളേക്ക് മാറ്റിവെച്ചു.
നാളെയും പേടിച്ചു എഴുതാതിരുന്നു.
ഇരുട്ടില്‍ ഒരുപാട് ദിവസങ്ങള്‍.
പേനയിലേക്ക്‌ കൈയെത്തുന്നില്ല.
എത്തിപ്പിടിക്കുമ്പോള്‍ മനസ്സ് അകന്നകന്നു നിദ്രയിലേക്ക്...

ഞാനും എന്റെ ഓര്‍മ്മകളും കഥകളും കവിതകളും
അക്ഷരങ്ങളും കൂടി രാത്രിയെ പകലാക്കി
താരകങ്ങളെ താമരയിതളുകളാക്കി
ഉറക്കമിളച്ചിരുന്നത് ഓര്‍ത്തു,
ചിലപ്പോഴൊക്കെ ഒരു അഭിമാനക്കുറവ്..

ഇന്നും എനിക്ക് പറയാതെ വയ്യ..
നീയായിരുന്നു അടുത്ത കാലത്തെ എന്റെ വിഷയം.
എഴുതാനും ഓര്‍ക്കാനും കുറ്റപ്പെടുത്താനും എല്ലാം..
നീ മറഞ്ഞു നാളേറെയാകും മുന്‍പേ,
എന്നിലെ ശില്പിയും മണ്ണടിഞ്ഞു..
കൊത്തിവെച്ചവ പൂര്‍ണ്ണതക്കായി
എന്റെ വരവും കാത്തിരുന്നു..

ഓര്‍ത്താല്‍ നിന്റെ അരികത്തോളം വന്നേക്കാം
നീ വലിച്ചെറിഞ്ഞ സ്വപ്നങ്ങളില്‍ ചെന്ന്
അതില്‍ എന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോ
എന്ന് ചികയാം..
ഇല്ലെന്നറിയുമ്പോള്‍  മാറി നിന്നൊരു മൌനരാഗം മീട്ടാം..
കടലാസ്സുമരച്ചുവട്ടില്‍ ചെന്ന്, ഇരുന്ന, ഇരുത്തിയ
കല്ലിലും മുള്ളിലും തൊട്ടു
ഓര്‍മ്മകളുമായി താരതമ്യം ചെയ്യാം..
ചെറുതിനെ കാട്ടില്‍ വലിച്ചെറിയാം.
വലുത് യാഥാര്‍ത്ഥ്യമാകും.
അതിനെ പൊക്കിയെടുത്തു ഓര്‍മ്മകളുടെ മുന്‍പന്തിയില്‍ ഇരുത്താം.
നിന്നെ ഓര്‍ക്കണമെന്ന് തോന്നുമ്പോള്‍,
യാഥാര്‍ത്ഥ്യത്തോടൊരു കഥ പറയാം.
കേട്ടു മടുക്കുമ്പോള്‍, വെറുക്കാം..
പിന്നെയും പ്രേമിക്കാം.
പിന്നെയും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാം..
അങ്ങിനെ അങ്ങിനെ ഓര്‍മ്മ നശിക്കും വരെ...

സത്യം പറയട്ടെ..
നീയിപ്പോഴും ശൂന്യമായ
എന്റെ മനസ്സിലേക്ക് കയറിവരാറുണ്ട്.
അതിര്‍വരമ്പുകള്‍ ഞാന്‍ എന്നേ പറിച്ചു കളഞ്ഞു.
വന്നു, പണ്ടത്തെ എന്റെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകാറുമുണ്ട്.
അവിടെ ഇപ്പോഴും പൂക്കുന്ന നീലക്കുറിഞ്ഞിയും വാടാത്ത വാടാര്‍മല്ലിയും പൂമരവുമൊക്കെതന്നെയാണ്..

തിരിച്ചു ഞാനൊറ്റക്കാണ്‌
പലപ്പോഴും നീ ഉണ്ടാകാറില്ല..
ഞാന്‍ ചോദിക്കും നിന്നോട്:
എന്റെ സ്നേഹം കുറഞ്ഞു പോയോ..?
അധികമായെന്നോ...?
നീ ആഗ്രഹിക്കുന്നതൊന്നും എന്നിലില്ലെന്നോ...?
അവനിലുണ്ടെന്നോ?

സ്നേഹം അത് വാക്കിലല്ലല്ലോ,
എന്റെ വാക്കില്‍ മാത്രമാണ് സ്നേഹമെന്ന്
നീ കരുതിയോ..?
ഹൃദയത്തിലില്ലാത്തതിനാലാണ്
വാക്കില്‍ കുത്തിനിറച്ചതെന്നു ചിന്തിച്ചോ?

പിരിയാനറിയില്ലായിരുന്നു എനിക്കന്ന്..
എന്നിട്ടും എവിടെവെച്ചായിരുന്നു...

എന്റെ സ്വപ്നങ്ങള്‍ക്കടിയില്‍ക്കൂടി പറക്കുന്നതിനെക്കാള്‍
നിനക്ക് നല്ലത് അതിരില്ലാത്ത ആകാശം തന്നെ..
എങ്കിലും, എന്നോ ഒരിക്കല്‍
നിന്നില്‍ നിന്നടര്‍ന്നുവീണ ഇന്നലെയുടെ ഒരു തൂവല്‍
ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്,
നിന്റെ അനുവാദമില്ലാതെ..

എന്നെങ്കിലും കാണുമ്പോള്‍ പറയാന്‍
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്ന്....
ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നെന്ന്..
(2009 സെപ്തംബര്‍ 29 ചൊവ്വാഴ്ച)

Wednesday, June 15, 2011

ഒടിയന്‍



























മനസ്സുവിട്ടകലുന്ന വേഷപ്പകര്‍ച്ചക്കു
രൂപം നല്കുവാനാകാതെ,
അഗ്നിയില്‍ നിന്നുടലെടുക്കുന്ന
തീക്കണ്ണുകളിലെ രോഷപ്പകര്‍ച്ചക്കു
പേരുനല്കാനറിയാതെ,
ഇരുട്ടില്‍ നഗ്നനായി
പാതിരാവിന്റെ പാല്‍മണമാകാന്‍ 
കൊതിച്ചതെന്തിനെന്നറിയാതെ,
സ്പര്‍ശനത്തില്‍ അടര്‍ന്നുവീഴുന്ന
ശ്വാസങ്ങളുടെ
സ്വപ്നം നിലച്ചതെവിടെയെന്നറിയാതെ,
തേര്‍വാഴ്ചയുമായെത്തുന്ന
ചിലമ്പൊലി നാദത്തിനെ
അശുദ്ധമാക്കാന്‍ 
പുലരുംവരെ മറയില്‍ 
കാത്തുനിന്നതെന്തിനെന്നറിയാതെ..
ഉത്തരമില്ലാത്തൊരു രാത്രിയില്‍ വീടിന്റെ
ഉത്തരത്തില്‍ 
അയാള്‍ തന്റെ അവസാനത്തെ 
രൂപം കെട്ടിയാടുകയായിരുന്നു..

........................................................................

വരവേല്‍പ്പ്



നീര്‍മിഴിപ്പുഴക്കരികില്‍
നീര്‍മാതളപ്പൂ  പൊഴിയുന്നതുംകാത്ത്‌..
നീലാംബാരത്തിന്റെ സാരംഗിയില്‍
മഴത്തുള്ളികള്‍ ശ്രുതിമീട്ടുന്നതും കാത്ത്‌..
വെള്ളി വയലുകളില്‍ 
സ്വര്‍ണം വിരിയുന്നതും കാത്ത്‌..

കാത്തു,കാത്തിരുന്നൊരു സഞ്ചാരിണി
ഓണം വന്നതറിയാതെ 
സ്വപ്നങ്ങളുടെ വിത്തുപേക്ഷിച്ചു
തിരികെ...

നമ്മളും അതുപോലെയോ സഖീ...?

ബാര്‍ട്ടര്‍ സമ്പ്രദായം



ചിതലരിക്കാത്ത  സ്വപ്‌നങ്ങള്‍
ചുളുവിലക്ക് വില്‍ക്കപ്പെടുന്നു,
എന്ന പത്രപരസ്യം കേട്ട്
ഒരു ചാക്ക് 'നേരംപോക്കു' കൊടുത്തു 
വാങ്ങിയതായിരുന്നില്ല, നിന്നെ
എന്ന് പറഞ്ഞു ബോധ്യപ്പെടുത്തും-
മുന്‍പേതന്നെ,
നിന്റെ വിരസനിമിഷങ്ങളെ
അസുലഭമാക്കിയതിനു
അഭിനന്ദനമര്‍പ്പിച്ചുകൊണ്ടുള്ളോരു
ക്ഷണക്കത്ത് (കൂലി),
പോസ്റ്റുമാന്റെ കൈയില്‍ നിന്നും
ഞാനിന്നലെ കൈപറ്റി.

പൂങ്കോഴി

പ്രാതകാലത്തിലിന്നെന്തേ നീ
കൂവാതിരുന്നു പൂങ്കോഴി. നിന്‍റെ
ഘടികാരതന്ത്രികളുണര്‍ന്നീലയോ
സംഗീതിക ചെപ്പറിഞ്ഞീലയോ..

നീയെന്‍റെ പുലരാത്ത നഗ്നനേത്രങ്ങളെ
പാവാടയണിയിക്കും പാട്ടുകാരി
ദമകാന്തിയില്‍ നിന്‍റെ ശോണിമയില്‍
അലിയാത്തതൊന്നീ പുലരിമാത്രം

ഈ പുലര്‍മഞ്ഞില്‍ നിന്‍ ത്രപസൂര്യന്‍
പൂക്കാതിരുന്നെങ്കിലോര്‍ത്തുപോയി
വിപരീതമന്ത്രങ്ങളുരുവിട്ടുരുവിട്ടു
ചെമ്പിന്‍തകിടുകള്‍ ക്ലാവുപിടിച്ചു

ദുന്ദുഭി തുടികൊട്ടി, നന്തുണിപ്പാട്ടി-
ലാടും കുയില്‍പ്പെണ്ണിന്‍ നടനംപോലെ
നീയെന്‍റെ വിടരാത്ത പൂവിലകളില്‍ നോക്കി
പുഞ്ചിരി  തൂകാതെ പൂങ്കോഴി...

ഉഷസ്സെ നീയുണരാതെ,യറിയാതെ,യെങ്കി-
ലിന്നെന്‍ മന്ത്രത്തകിടു പഴിച്ചുപോയി
നീയെന്‍റെ മാനസത്തില്‍ പൊഴിക്കുന്നൊരു   
വെട്ടമെന്‍ ജീവന്‍റെ അസ്ഥിനാളക്കരു

ഓര്‍മ്മകളോരോ കുരുക്കുകളായി
മുരുക്കുമുള്‍ കോര്‍ക്കുന്ന ദീനയായി
കാലമവളെ തിരിച്ചെടുത്തു, കാല-
ചക്രത്തിനടിപ്പെട്ടു കോടിയിട്ടു 

ആ പൂര്‍വയാഹ്നതില്‍ മഞ്ഞില കാറ്റേറ്റും  
സൂര്യാംശുവേറ്റും ഉണര്‍ന്നീല നീ 
ആ പ്രാതകാലത്തില്‍ കോടത്തണുപ്പേറ്റും   
ഇമ തുറന്നീടീലും കൂവീല നീ.....