Wednesday, April 6, 2011

സുമനും ആന്റോണിയോയും

കേരളവര്‍മ്മ കോളേജ് - സന്തോഷവും സങ്കടവും സൌഹൃദവും ഒരു മകരനിലാവില്‍ അലിയിച്ചു താഴേക്കു പറന്നിറങ്ങിയ താരകം, അല്ലെങ്കില്‍, ഓര്‍മ്മകളിലെ പവിഴമുത്തുകള്‍ തിരഞ്ഞെടുത്തു സ്വപ്‌നങ്ങള്‍ നൂല്ക്കുന്നൊരു പട്ടുനൂല്‍പ്പുഴു. അതുമല്ലെങ്കില്‍, കത്തിയെരിഞ്ഞ മനസ്സിലേക്ക് ചാഞ്ഞുപെയ്യുന്ന കുളിര്‍മഴ. ഒരുപക്ഷെ പറഞ്ഞാലും എഴുതിയാലും തീരില്ല, കേരളവര്‍മ്മയിലെ ഹൃദയത്തിലെ ആ ചൂട്.

പഠനം എന്ന വാക്കൊഴിച്ചു കേരളവര്‍മ്മയിലെ കല്ലും മുള്ളും കണ്മഷിയും എല്ലാം ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. പഠനം എന്നൊരു ദൌത്യം ഉണ്ടെന്നു ഓര്‍ക്കുന്നതുതന്നെ പരീക്ഷയുടെ തലേ ദിവസമാണ്..

സുമന്‍ (സുമേഷ്) ആണ് എന്റെ സന്തതസഹചാരി. കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ചെറുപ്പക്കാരന്‍. ഞങ്ങളുടെ 'സ്റ്റോണേജ് ബോയ്സ് എന്ന കുപ്രസിദ്ധ സൌഹൃദ വലയത്തിലെ എന്റെ നാട്ടുകാരനും പ്ലസ്‌ ടു സ്കൂള്‍മേറ്റും അപ് ആന്‍ഡ് ഡൌണ്‍ ബൈക്ക് സര്‍വീസ് നടത്തി എന്റെ യാത്രാ ചെലവ് കുറക്കുകയും ചെയ്യുന്ന വ്യക്തി.

രണ്ടാം വര്‍ഷ അവസാനഘട്ട പരീക്ഷകള്‍ ചൂടുപിടിക്കുന്നു... ശരത്തും മോഹിത്തുമെല്ലാം എത്തിക്കുന്ന  യുണിവേര്‍സിറ്റി വാര്‍ത്തകള്‍ കേട്ട് ദീര്‍ഘനിശ്വാസമിട്ടു ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കാന്‍ പെമ്പിള്ളേരില്‍ ബുദ്ധിജീവികള്‍ (പഠിക്കുന്നവരുടെ കൂടെ നടന്നാല്‍ പഠിപ്പിസ്റ്റ് എന്ന പേര് ലഭിക്കുമെന്ന് ചിന്തിക്കുന്നവര്‍) എന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിലര്‍.

"സുമാ, ഇനി പഠിക്കാതെ നിവൃത്തിയില്ലടാ... നാളത്തെ ഇംഗ്ലീഷ് പരീക്ഷക്ക്‌ ടൂള്‍സ് എന്തെ ങ്കിലും കയ്യിലുണ്ടോ?" ഞാന്‍ യാഥാര്‍ത്യത്തിലേക്ക് തിരിച്ചുവന്നു.

"ഉം, ഉള്ളത് ഒരെണ്ണം കഴിഞ്ഞ കൊല്ലത്തെയാ..." സുമന്റെ മറുപടി വന്നു.

രണ്ടുപേര്‍ക്കും കൂടി ഒരു ബുക്ക്‌ കിട്ടിയാല്‍ മതിയായിരുന്നു..അവസാനം ജയനോട് (ജയകൃഷ്ണന്‍, സ്റ്റോണേജിലെ തലച്ചോറിന്റെ അംശം കണ്ടെത്തിയ ഏക വ്യക്തി) ചോദിച്ചു ബുക്കിന്റെ പേര് എഴുതിവാങ്ങി. ഒരു ബുക്ക്‌സ്ടാളിലും പ്രസ്തുത ബുക്ക്‌ കിട്ടാനില്ല. പിന്നെ സുമന്‍ എവിടെനിന്നോ ഒരു ബുക്ക്‌ തപ്പിയെടുത്തു. സമയം രാത്രി 9 മണി.

പിറ്റേന്ന് ഉച്ചക്കാണ് പരീക്ഷ. ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. ബുക്ക്‌ രണ്ടായി ഭാഗിക്കുക. ഈ രാത്രി ആദ്യ ഭാഗം സുമന്‍; രണ്ടാം ഭാഗം ഞാന്‍. നാളെ എക്സ്ചേഞ്ച്. "മര്‍ച്ചന്റ് ഓഫ് വെനിസ്" എന്ന ഷേക്സ്പിയറിന്റെ അതിമനോഹരമായ ഒരു നാടകമാണ് അന്ന് പഠിക്കാനുണ്ടായിരുന്നത്. ആന്റോണിയോ  എന്ന വെനിസിലെ ഒരു വ്യാപാരിയാണ് മുഖ്യ കഥാപാത്രം. ആദ്യ ഭാഗത്ത്‌ അദ്ദേഹം  കച്ചവടത്തിന് പോയ തന്റെ കപ്പല്‍ തിരിച്ചു വരുന്നത് കാത്തിരിക്കുന്നതും മറ്റുമായ രസകരമായ മുഹൂര്‍ത്തങ്ങളാണ്. ആദ്യഭാഗമൊക്കെ നന്നായി സമയമെടുത്ത്‌ പഠിച്ചു.

ഇംഗ്ലീഷ്, മലയാളം പരീക്ഷകള്‍ക്ക് ഒരു ഗുണമുണ്ട്. കഥ അറിഞ്ഞാല്‍ ഒരുവിധം തട്ടിമുട്ടി എഴുതാം. അതുകൊണ്ടുതന്നെ ഞാന്‍ അത്യാവശ്യം കഥ മാത്രം പഠിച്ചുവെച്ചു. പലപ്പോഴും ഒരു പ്രശ്നമുള്ളത്, കഥാപാത്രത്തിന്റെ പേര് അറിയാതെ അവന്‍, അവള്‍, അവര്‍ എന്നൊക്കെ എഴുതി പിടിപ്പിക്കുന്നതാണ്.

അന്ന് പരീക്ഷക്ക്‌ പോകുന്ന വഴിയില്‍ ഞാന്‍ സുമനോടു ചോദിച്ചു:
      "ഡാ, കഥ മുഴുവന്‍ പഠിച്ചോ...?"
സുമന്‍ തലയാട്ടി.
      "ഇല്ലെങ്കില്‍ പറഞ്ഞോ, കഥ ഞാന്‍ പറഞ്ഞു തരാം."
     "വേണ്ട ഡാ.. ഞാന്‍ പഠിച്ചിട്ടുണ്ട്..."


ഹോ! സുമന്‍ കഥ മുഴുവന്‍ പടിച്ചിട്ടുണ്ടെന്നാ തോന്നുന്നത്. വല്ല ഡൌട്ടും ഉണ്ടെങ്കില്‍ അവനോടു ചോദിക്കാം- എനിക്ക് ആശ്വാസമായി..

അങ്ങനെ പരീക്ഷ തുടങ്ങാറായി. എല്ലാവരും ബാഗ് പുറത്തുവെച്ചു ഹാളിലേക്ക് കടന്നു. ഞാന്‍ നോക്കുമ്പോള്‍ സുമന്‍ ഹാളില്‍ കയറാതെ ജനലിനരികില്‍ നിന്നും എന്നെ വിളിക്കുന്നു.
ഞാന്‍ ഒരുവിധത്തില്‍ പരീക്ഷാഹാളിനു  പുറത്തു കടന്നു..
"എന്താടാ.. ഹോള്‍ടിക്കറ്റ്‌  എടുക്കാന്‍ മറന്നോ...? ഞാന്‍ ചോദിച്ചു.

"അതല്ലടാ.... നമ്മുടെ ആന്റോണിയോന്റെ  കപ്പല് അവസാനം തിരിച്ചു വര്വോ..?"  

അവസാനനേരത്ത്, പഠനത്തിനോട് തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള സുമന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഞാന്‍ തരിച്ചു നിന്നുപോയി...

2 comments:

Vazhiyorath said...

Ormakalennum marayaruthu...
Marakkatha Ormalkalkkennum
Santhoshathinte Madhuram thannekkam

Pinneedu....

athu Sankadathinte Vedhanayayekkam

Enkilum Ormakal panku vaykkam.. Panku vaykkanam..

Praveen said...

cooooool