Friday, April 1, 2011

സ്വപ്നങ്ങള്‍ നശിക്കുന്നത്....

എന്റെ പ്രണയത്തിനു ഇങ്ങനെയല്ലാതെ അവസാനിക്കാനാവില്ല.....

മറന്നിട്ടും മറക്കാതെ മനസ്സില്‍ സൂക്ഷിച്ച നൊമ്പരങ്ങള്‍ ഒരു ദിവ്യസ്വപ്നമെന്നപൊലെ ഓര്‍ത്തെടുക്കുമ്പോള്‍ നീ എന്റെ ശ്വാസത്തിന്റെ വിപഞ്ചിക നിയന്ത്രിക്കുകയായിരുന്നു. പ്രക്ഷുബ്ധമായൊരു കടലില്‍ പച്ചപ്പു തേടിയലയുമ്പോള്‍ നിന്റെ കൂജനം വീണ്ടുമൊരു വഴികാട്ടിയാകുമെന്നു ഞനോര്‍ത്തില്ല... അല്ലെങ്കില്‍ ഓര്‍ക്കാന്‍ മറന്നു പോയിരിക്കാം.

നമ്മുടെ സ്വപ്നങ്ങളുടെ എഴുത്തോലക്കീറെടുക്കാന്‍ മറന്നു പോയ നാള്‍ മുതല്‍ ഞാനൊറ്റക്കായിരുന്നു... എപ്പോഴോ, കൂട്ടുതേടി ഹൃദയം മറന്നുവച്ചവരുടെ നാട്ടില്‍... അവരുടെ രാജാവായി... ഒന്നും സുഖമുള്ള ഓര്‍മകളായിരുന്നില്ല. തിരിച്ചു പോന്നു, ഈറന്‍ മണക്കുന്ന പഴയ ഇരുട്ടിലേക്കു തന്നെ...

ഇന്നു നീയെന്റെ പ്രാണന്റെ ചക്രവാളത്തില്‍ ഒരു സൂര്യാസ്തമയമായി മാറിയപ്പോള്‍ കഴിഞ്ഞു പോയ ശരത്കാലം, എന്നും തളിര്‍ക്കുന്ന പൂക്കാലമായിരുന്നെന്നു ഞാനറിയുന്നു... പൂന്തേന്‍ നുകരാന്‍ വെണ്ടിയല്ലെങ്കിലും, മനസ്സിന്റെ പൂന്തോപ്പില്‍ നിന്റെ രക്തപുഷ്പം ഒരിക്കലും വാടാതെ സൂക്ഷിക്കാന്‍.. 


നിന്നെക്കുറിച്ചെഴുതാന്‍ എനിക്കിന്നും വാക്കുകളില്ല.. അല്ലെങ്കില്‍ പലപ്പൊഴും ഒരു വിവര്‍ത്തകന്റെ മനോവേദനയുമായി മഷിയിറ്റാതെ ഓര്‍ത്തിരുന്നു... നെഞ്ചു കുത്തിക്കീറി ഹൃദയമെടുത്ത്‌ പുറത്തു വെച്ചാല്‍ പിന്നെയും എന്തൊക്കെയൊ പറയാനുണ്ടാകും. അങ്ങനെയിരിക്കെ ഭാഷാമതിലുകളെ എന്തിനു വെറുതെ കുത്തിനോവിക്കുന്നു എന്നു ചിന്തിച്ചു എഴുതാതിരിക്കുന്നതാകും ഉചിതം.

എന്റെ വേനല്‍ മുള്ളുകളെ മാറോടു ചേര്‍ത്തു വിദൂരതയുടെ ചക്രവാളത്തില്‍ നീ അലിയുമ്പോള്‍, പുതിയൊരു പുലരി കാത്തുകിടക്കുന്ന മണല്‍പ്പരപ്പിന്റെ കാലൊച്ച കേള്‍ക്കാതിരിക്കുന്നതെങ്ങനെ....? അവയും എന്നെപ്പോലെ വിരഹിയായതുകൊണ്ടാകുമോ, അവരുടെ മൌനത്തിന്റെ അലര്‍ച്ച എന്റെ കാതുകളില്‍ കമ്പനം ചെയ്യുന്നത്.അല്ലെങ്കിലുമെന്ത്, പ്രണയത്തിനു ഒരേ ഭാഷ, ഒരേ അര്‍ത്ഥം, ഒരേ നിറം. വിരഹം അതിലെ തിളങ്ങുന്നൊരു ചന്ദ്രകാന്തപ്രഭ...

എന്തേ നീ എന്നെ വിളിച്ചില്ലെന്നു ഞാന്‍ ഓര്‍ക്കുമായിരുന്നു... ചെപ്പിലൊതുക്കി സൂക്ഷിച്ച പ്രണയം തട്ടിത്തെറിപ്പിച്ചു പോയിരിക്കുമോ എന്നു ചിലപ്പോള്‍ ചിന്തിക്കും. സാഹചര്യങ്ങളാണു പ്രണയത്തിന്റെ ശത്രു. സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിനോക്കി പ്രണയത്തെ ഒഴുക്കിക്കളഞ്ഞവരില്‍ ഞങ്ങളുടെതാകും ഏറ്റവും അവസാനതെ ബലികുടീരങ്ങള്‍. സാഹചര്യവും പ്രണയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു ഞാനറിഞ്ഞ നാളുകള്‍. കണ്‍മറഞ്ഞുപോയ ശവങ്ങളാണോ ഓര്‍മ്മകളെന്നു ചിന്തിക്കും. ഒരു ആശുപത്രി വരാന്ത കണക്കെ സ്വപ്നങ്ങള്‍ ചോര മണക്കുന്നു. മനസ്സിനുള്ളില്‍ നിലവിളിയും കൂരിരുട്ടും. പ്രണയം എന്റെ ദിനങ്ങളെ മായ്ചു കളയുന്നു. പ്രണയത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടുന്നു.

പക്വമായപ്പോള്‍ ഞാനെന്റെ പ്രണയത്തിനെ അന്വേഷിച്ചു. എന്റെ പ്രണയത്തിനു ഞാന്‍ മാത്രം മതിയായിരിക്കാം. നിന്റെ ശരീരമെന്തിന്...? വിവാഹത്താല്‍ ബന്ധിക്കാനോ...? മനസ്സാല്‍ നമ്മള്‍ വിവാഹിതരല്ലേ....?

രക്തമൊഴുകി വഴുക്കല്‍ വീണൊരു ഹൃദയകോണില്‍ ചിറകറ്റു കിടന്നിരുന്ന പ്രണയത്തെ ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒരു കുളിര്‍ത്തെന്നലായി വീണ്ടുമതില്‍ വെള്ളമിറ്റിച്ചു. അതു വളര്‍ന്നു. പൂക്കളും കായ്ക്കളും നിറഞ്ഞു. കിളികളും മേഘങ്ങളും കൂടുകൂട്ടി. വസന്തം വീണ്ടും തിരിച്ചുവരുന്നതു ഞാനറിഞ്ഞു....

അപ്രതീക്ഷിതമായിരുന്നു മരണത്തിലേക്കുള്ള നിന്റെ വിളി....
സ്നേഹവും പ്രണയവും തമ്മില്‍ തൂക്കിയപ്പോള്‍ പ്രണയത്തിനാണു താഴ്ചയെന്ന്...

നീ ഇല്ലെങ്കില്‍ ഞാനെന്തിന്...? പൂക്കളോടും കിളികളോടും മേഘങ്ങളോടും യാത്രപറഞ്ഞു, ഞാനും അവളുടെ കൂടെ നടന്നു...

ഞങ്ങളുടെ പ്രണയത്തിന്റെ അനന്താകാശനീലിമയിലേക്ക്......

No comments: