സൂര്യന് നേരം വൈകി അസ്തമിക്കുന്നതിനെ പഴിച്ചൊരു ശനിയാഴ്ചയായിരുന്നു അന്ന്. കുറെ നാളുകള്‍ക്കു ശേഷം കൂട്ടുകാരെല്ലാം കൂടി ഒന്നിച്ചുചേരുകയാണ്.
"വൈകീട്ടെന്താ പരിപാടി"
"വെള്ളമടിക്കാം, കുറെ ദിവസമായില്ലെ കൂടിയിട്ട്." മാന്യനായ ഒരു കുടിയന് മറുപടി പറഞ്ഞു.
ന്യായമായ ആശയം. എല്ലാവരും ആ ആശയത്തെ അംഗീകരിച്ചു. മാസാവസാനമായത്തിന്റെ കിതപ്പ് എല്ലാവരുടെ കീശയിലും പ്രകടമായിരുന്നു.എന്നാലും ഒരു നല്ല കാര്യത്തിനെന്ന നിലക്ക് എല്ലാവരും ഉള്ളതെല്ലാം സംഭാവന നല്കി പരിപാടിക്ക് കൊഴുപ്പ് കൂട്ടി.
"ഞാന്‍ പോകാം." അത് പറയുമ്പോള്‍ ബിജു അത്യധികം സന്തോഷവാനായി കാണപ്പെട്ടു. ഒരു കാ കിലോ പഞ്ചസാര വാങ്ങി വരാന്‍ പറഞ്ഞാല്‍ താഴെയിറങ്ങാത്ത ആളാണ്. പ്രേമനൈരാശ്യം തലക്കുപിടിച്ചു ബീഡിക്കുറ്റികള്‍ കൊണ്ട് അവളുടെ പേരെഴുതിക്കളിക്കലാണ് ടിയാന്റെ ഇപ്പോഴത്തെ പ്രധാന ജോലി.
"ആ, ആരെങ്കിലുമാകട്ടെ... സാധനം ഒരു കേടും കൂടാതെ എവിടെ എത്തിയാല്‍ മതിയായിരുന്നു."
ബിജു പോയി മണിക്കൂര്‍ ഒന്നായി. ആളെ കാണാനില്ല. എല്ലാവരും അക്ഷമരായി കാത്തുനില്‍ക്കുകയാണ്. വിശപ്പ് പലപ്പോഴും ഒരു വിരുന്നുകാരനെപ്പോലെ മനസ്സിന്റെ വാതില്‍ തള്ളിത്തുറന്നു പുറത്തേക്കു പ്രവഹിക്കുന്നു. റൂമിലാകെ സിഗരറ്റിന്റെ പുക നിറഞ്ഞു..
വിശപ്പ് പിന്നെയും സഹിക്കാം. മദ്യം തേടിയുള്ള ഈ കാത്തിരിപ്പ് അസഹനീയം തന്നെ.
"ചിലപ്പോ റെയില്‍വേ ഗേറ്റ് കിട്ടിക്കാണും." കൂട്ടത്തില്‍ മുതിര്‍ന്ന ജോസേട്ടന് എല്ലാവരെയും ആശ്വസിപ്പിച്ചു. ആളും ആശ്വസിച്ചു.
ഒരു പാസഞ്ചര്‍ ട്രെയിന്‍ എല്ലാവരുടെയും ചിന്തകള്‍ക്ക് വിരാമാമിട്ടെന്നപോലെ കൂകിപാഞ്ഞു കടന്നുപോയി.
ഇനിയും ബിജുവിനെ കാണാനില്ല. ട്രെയിന്‍ പോയി ഒന്നു രണ്ടു മിനിട്ടിനുള്ളില്‍ എത്തേണ്ടതാണ്. എല്ലാവരും ശരിക്കും കാത്തിരുന്നു മുഷിഞ്ഞു. "ആ പുന്നാരമോനെ ഒന്ന് മൊബൈലില്‍ വിളിച്ചു നോക്കടാ.."
ആ കൃത്യം ഏറ്റെടുത്തതും ജോസേട്ടനായിരുന്നു.
"ഡാ, ബിജ്വോ, നീ അവടെ എന്തൂട്ടാ കാട്ടണേ ഗെഡീ.." തൃശൂക്കാരന് ജോസേട്ടന് തന്റെ പതിവ് ശൈലി വിട്ടില്ല.
"ജോസേട്ടാ, ഇനി അടുത്ത ട്രെയിന്‍ എപ്പോഴാ..." ബിജുവിന്റെ ഉത്തരം ആകാംക്ഷ നിറഞ്ഞ വേറൊരു ചോദ്യമായിരുന്നു...
"ഇനി കുറച്ചു കഴിഞ്ഞേ ഉള്ളു. നീ എവിടെ സ്റ്റാ. ഇന്നേക്ക് കുടിക്കാനാ..." ജോസേട്ടന്റെ ഉത്തരവാദിത്വബോധം ആളിക്കത്തി.
"ട്രെയിന്‍ വരാന്‍ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടു, കയ്യിലുള്ള കവര്‍ ഗേറ്റില്‍ തൂക്കിയിട്ടൊന്നു മൂത്രോഴിക്കാന്‍ പോയതാ... ട്രെയിന്‍ പോയപ്പോ ഗേറ്റ് പൊക്കി. കവര്‍ ഇപ്പൊ ഗേറ്റിന്റെ മുകളില്‍ തൂങ്ങിക്കിടക്കുകയാ....
ഇനി അടുത്ത ട്രെയിന്‍ വന്നാലേ ഗേറ്റ് താഴ്ത്തുകയുള്ളൂ ന്ന്..."
................................................................................................
................................................................................................

3 comments:
nte mone supperdaaa
mone thakarthu....kidilol kidilam....
കിടു ... കിക്കിടു ...
Post a Comment